തിരുവനന്തപുരം: എ.ഡി.ബി സാമ്പത്തികസഹായത്തോടെ കൊച്ചിയിലും തുടർന്ന് തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതികൾ പുനഃപരിശോധിക്കണമെന്ന ആവശ്യമുയർത്തി ജല അതോറിറ്റിയിൽ യോജിച്ച സമരത്തിന് വഴിയൊരുങ്ങുന്നു.
കൊച്ചിയിലെ കുടിവെള്ള വിതരണവും നിയന്ത്രണവും ഫ്രഞ്ച് കമ്പനി ‘സൂയസി’ന് കരാർ നൽകുന്നതിനെതിരെ രൂപവത്കരിച്ച സംയുക്ത സമരസമിതി യോഗം ചൊവ്വാഴ്ച 1.30ന് കൊച്ചിയിൽ നടക്കും. രാഷ്ട്രീയത്തിനതീതമായി സ്വകാര്യവത്കരണത്തിനെതിരെ സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾക്ക് യോഗം രൂപംനൽകും.
ഭരണപക്ഷ സംഘടനകളടക്കം ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടും കരാർ പുനഃപരിശോധിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തില്ല. എ.ഡി.ബി പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കരാറിന് മന്ത്രിസഭ അനുമതി വേണം.
ഇത് നേടിയെടുക്കാൻ എ.ഡി.ബിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ചരടുവലി നടത്തുമ്പോൾ മുഖ്യമന്ത്രിയെയടക്കം ബോധ്യപ്പെടുത്തി കരാർ നടപടികൾ മരവിപ്പിക്കാനാണ് ഭരണപക്ഷ യൂനിയനുകളുടെയടക്കം ശ്രമം.
സംയുക്ത സമരത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ നേതൃത്വം സി.ഐ.ടി.യു ആഭിമുഖ്യത്തിലെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ ചൊവ്വാഴ്ച കത്ത് നൽകിയിരുന്നു. ഫയൽ സർക്കാർ അനുമതിക്കായി എത്തിയ സാഹചര്യത്തിൽ അംഗീകൃത സംഘടനകളെ ചർച്ചക്ക് വിളിക്കണമെന്നാണ് യൂനിയനുകളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.