തിരുവനന്തപുരം: തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിയെ സ്കാനിങ്ങിനുശേഷം തിരികെ കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ ഡ്യൂട്ടി സർജന്റിനെ സസ്പെൻഡ് ചെയ്തു.
സെക്യൂരിറ്റി സർജന്റ് (ഗ്രേഡ്-1) ആയ പ്രവീൺ രവിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീൻ അറിയിച്ചു.ചൊവ്വാഴ്ച രാത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ ന്യൂറോളജി തീവ്രപരിചരണ വിഭാഗത്തിൽനിന്ന് കൊണ്ടുവന്ന രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ച് സി.ടി സ്കാൻ എടുത്തശേഷം രാത്രി 11ന് തിരികെ കൊണ്ടുപോകുന്നതിന് ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന പരാതി സംബന്ധിച്ച അന്വേഷണത്തിനുശേഷമാണ് നടപടി.
ഓക്സിജൻ ഘടിപ്പിച്ച ട്രോളിയിലാണ് ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിയെ സ്കാനിങ്ങിന് കൊണ്ടുപോയത്. ഓക്സിജൻ തീരുംമുമ്പ് രോഗിയെ തിരികെ കൊണ്ടുപോകണമായിരുന്നു. ആംബുലൻസ് ലഭിക്കാത്തതിനാൽ അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി രോഗിയെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ എത്തിക്കുകയായിരുന്നു.
യഥാസമയം ഇടപെട്ട് ആംബുലൻസ് എത്തിക്കേണ്ടത് സർജന്റിന്റെ ചുമതലയാണ്. ആംബുലൻസ് വിളിക്കുന്നതിനോ നഴ്സിങ് വിഭാഗവുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുന്നതിനോ സർജന്റ് തയാറായില്ല. നേരിട്ടെത്തി ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ബുധനാഴ്ച തന്റെ മേലുദ്യോഗസ്ഥർക്ക് നൽകിക്കൊള്ളാമെന്ന ധാർഷ്ട്യത്തോടെയുള്ള മറുപടിയാണ് നൽകിയതെന്നും സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.