തിരുവനന്തപുരം: അനന്തപുരി എഫ്.എം പ്രക്ഷേപണം അവസാനിപ്പിച്ചതിൽ പ്രതിഷേധം ശക്തം. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുറിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കത്തയച്ചു. ജീവനക്കാര്‍ പ്രതിപക്ഷ നേതാവിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്. പ്രക്ഷേപണം നിര്‍ത്തിയതോടെ വര്‍ഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.
അനന്തപുരി പ്രക്ഷേപണം അവസാനിപ്പിച്ചതിനു പിന്നാലെ വെള്ളിയാഴ്ച മുതൽ എഫ്.എം ചാനൽ വഴി ആകാശവാണി പരിപാടികൾ നൽകുന്നത് ആരംഭിച്ചിട്ടുണ്ട്. തീരുമാനം പിൻവലിപ്പിക്കുന്നതിന് രാഷ്ട്രീയ സമ്മർദം ശക്തമാണെങ്കിലും അനുകൂല തീരുമാനത്തിന് പ്രസാർ ഭാരതി തയാറായിട്ടില്ല. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും എ.എ. റഹീം എം.പിയും കേന്ദ്രത്തിന് കത്തയച്ചിരുന്നു.
അനന്തപുരി എഫ്.എമ്മിന് 45 ലക്ഷത്തിലധികം ശ്രോതാക്കളുണ്ടെന്നാണ് കണക്ക്. പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനം അനന്തപുരി എഫ്.എം പ്രസാര്‍ ഭാരതിക്ക് നേടിക്കൊടുക്കുന്നത്. ഈ സാഹചര്യത്തില്‍ എഫ്.എം സ്റ്റേഷന് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. അനന്തപുരി എഫ്.എം പ്രക്ഷേപണം അവസാനിപ്പിച്ച നടപടി പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് എൻ.സി.പി ദേശീയ കൗൺസിൽ അംഗവും സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.ആർ. സതീഷ് കുമാർ ആവശ്യപ്പെട്ടു. ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവവും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നാലിന് ആകാശവാണിക്ക് മുന്നിൽ വിപുലമായ പ്രതിഷേധ പരിപാടിക്കാണ് കാഞ്ചീരവത്തിന്റെ തീരുമാനം. പന്ന്യൻ രവീന്ദ്രനാണ് ഉദ്ഘാടകൻ.
2005ൽ, കേരളപ്പിറവി ദിനത്തിലാണ് അനന്തപുരി എഫ്.എം പ്രവർത്തനം തുടങ്ങിയത്. പരിപാടികളിലെ ഗൗരവസ്വഭാവത്തിൽ ആകാശവാണി കർക്കശസ്വഭാവം തുടർന്നപ്പോൾ ചലച്ചിത്ര ഗാനങ്ങൾ, ഫോൺ ഇൻ പരിപാടികൾ, സംവാദ പരിപാടികൾ, വിനോദ-സാംസ്കാരിക പരിപാടികൾ തുടങ്ങി യുവാക്കളെ ലക്ഷ്യമിട്ടുള്ള പരിപാടികളുമായെത്തിയ അനന്തപുരി വേഗം ജനപ്രീതിയാർജിച്ചു. യുവാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള എഫ്.എമ്മുകൾ ആർത്തിരമ്പിയ കാലത്തും ആകാശവാണിക്ക് പിടിച്ചുനിൽക്കാനായത് അനന്തപുരി എഫ്.എമ്മിന്റെ ജനപ്രിയതയിലാണ്. അഞ്ച് മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീളുന്ന പരിപാടികൾ അനന്തപുരിക്കുണ്ടായിരുന്നു. 2022 ജനുവരി ഒന്നിന് അനന്തപുരി എഫ്.എമ്മിന്റെ പേരും പരിപാടികളും മാറ്റിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.