അ​നി​ൽ

ബാങ്കിൽ നിന്ന് ഒരുകോടി തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: വൻതുക കമീഷൻ കൈപ്പറ്റി എസ്.ബി.ഐയുടെ വെള്ളയമ്പലം ബ്രാഞ്ചിൽ വ്യാജരേഖകൾ ഹാജരാക്കി ഒരു കോടിയോളം രൂപയുടെ എക്സ്പ്രസ് ക്രെഡിറ്റ് ലോണെത്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെക്കൂടി പൊലീസ് പിടികൂടി.

മുരുക്കുംപുഴ സ്വദേശിയായ ആക്കുളം പ്രശാന്ത് നഗർ ഉഷസ്സ് വീട്ടിൽ വാടകക്ക് താമസിക്കുന്ന അജി എന്ന അനിലിനെയാണ് (45) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി ശ്രീകാന്തിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുകളും ഐ.ഡി കാർഡുകളും ഉൾപ്പെടെ നിരവധി വ്യാജരേഖകൾ നിർമിച്ച് ഹാജരാക്കിയാണ് ഒരു കോടിയോളം രൂപയുടെ വായ്പകൾ എടുത്തത്. ഇത്തരത്തിൽ നിരവധി ലോണുകൾ വിവിധ ബാങ്കുകളിൽനിന്ന് സംഘം എടുത്തിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചു.

ലോൺ ഒന്നിന് ഒരു ലക്ഷം രൂപവരെ കമീഷൻ ഇനത്തിൽ കൈപ്പറ്റിയാണ് പ്രതികൾ ഇടനിലക്കാരായിനിന്ന് ലോൺ എടുത്ത് നൽകുന്നത്. അനിലാണ് വ്യാജരേഖകൾ നിർമിച്ചിരുന്നത്.

ഇയാൾക്കെതിരെ ആറ്റിങ്ങൽ, കഴക്കൂട്ടം, മംഗലാപുരം സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ നിർദേശാനുസരണം കന്റോൺമെന്റ് എ.സി.പി ദിനരാജിന്റെ നേതൃത്വത്തിൽ മ്യൂസിയം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ബിജുകുമാർ, അജിത് കുമാർ, ജയശങ്കർ, എ.എസ്.ഐമാരായ രാഗേഷ് കുമാർ, സന്തോഷ് കുമാർ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Another arrested for embezzling Rs 1 crore from bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.