ആര്യനാട്: പന്ത്രണ്ടര ഏക്കറിലധികം ഭൂമി, 200 വീടുകള്‍, എല്ലാ വീടുകള്‍ക്ക് മുന്നിലൂടെയും റോഡ്, എല്ലാ വീടുകള്‍ക്കും ശൗചാലയം.. നാല് ദശാബ്ദം മുമ്പ് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വിഭാവനം ചെയ്ത പദ്ധതി പ്രദേശത്തെ വീടുകളുടെ ഇപ്പോഴത്തെ അവസ്ഥ വിവരണാതീതമാണ്. പുറത്തുനിന്നെത്തുന്ന ആരെയും കണ്ണീരണിയിപ്പിക്കും.. ഓട്, ഷീറ്റ്, ടാര്‍പോളിന്‍, ഫ്ലക്സ്, ഓല എന്നിവയൊക്കെയാണ് മേല്‍ക്കൂരയിൽ. പിന്നാക്കക്കാരും ദലിതരും മാത്രം ജീവിക്കുന്ന ആര്യനാട് കോട്ടയ്ക്കകം ഹൗസിങ് ബോര്‍ഡ് കോളനിയിലെ വീടുകളിൽ പൊട്ടിപ്പൊളിഞ്ഞ ചുവരുകളും മഴവെള്ളം മുറികളിലേക്കിറങ്ങാതെ പ്ലാസ്റ്റിക് കവറുകളും കമുകിന്‍പാളയും ഫ്ലക്സുബോര്ഡുകളും തിരുകിക്കയറ്റിെവച്ചിട്ടുണ്ട്.
വാതിലുകളും ജനലുകളും നിര്‍മിച്ചിരിക്കുന്നത് പഴയ തുണികളും പായയും കൊണ്ടാണ്. ഇവിടെ താമസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡും വോട്ടവകാശവുമുണ്ട്. എന്നാല്‍, ഇവിടത്തെ താമസക്കാര്‍ക്ക് വായ്പയെടുക്കാനോ കൈമാറ്റം ചെയ്യാനോ മക്കള്‍ക്ക് ഇഷ്ടദാനം കൊടുക്കാനോ ഒന്നും കഴിയില്ല. അതിനായുള്ള രേഖയൊന്നും ഇവിടത്തെ താമസക്കാരുടെ പക്കലില്ല.
200 വീടുകളായിരുന്നു തുടക്കത്തിൽ. 60ല്‍ താഴെ വീടുകളില്‍ മാത്രമേ ഇപ്പോൾ താമസക്കാരുള്ളൂ. താമസം ഉപേക്ഷിച്ചുപോയ വീടുകളുടെ മേല്‍ക്കൂരയൊക്കെ പറന്നുപോയി. മരത്തിലുള്ള ജനലുകളും വാതിലുകളും മോഷ്ടാക്കള്‍ കൊണ്ടുപോയി. കാടുമൂടി ഇഴജന്തുക്കളുടെ താമസകേന്ദ്രമായി.
1977 കാലഘട്ടത്തിലാണ് സംസ്ഥാന ഭവനനിർമാണ ബോർഡ് തേക്കിൻതോട്ടമായിരുന്ന ആര്യനാട് കോട്ടയ്ക്കകത്ത് പന്ത്രണ്ടര ഏക്കര്‍ ഭൂമിയില്‍ 200 ഓടിട്ട വീടുകൾ പണിയുന്നത്. ലക്ഷം വീട് പദ്ധതി പ്രകാരം ഏഴ് പഞ്ചായത്തുകളിലെ ഭവനരഹിതരും ഭൂരഹിതരുമായവർക്ക് താമസിക്കാനായി നിർമിച്ചവയാണ്. നാല് സെൻറ് വസ്തുവിൽ രണ്ട് മുറികൾ, വരാന്ത, ശൗചാലയം എന്നിവയടങ്ങുന്നതാണ് ഓരോ വീടും. മാസത്തവണ വ്യവസ്ഥയിൽ കരാറുണ്ടാക്കി വീടും വസ്തുവും ആവശ്യക്കാർക്കായി നൽകി.
വായ്പാ തിരിച്ചടവ് പൂർത്തിയാകുമ്പോൾ ഉടമസ്ഥർക്ക് അവകാശരേഖ നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് 200 പേർ ബോർഡുമായി കരാറുണ്ടാക്കി വീടുകളിൽ താമസമാക്കി. വീട് നൽകിയതല്ലാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ തൊഴിലവസരമോ ഇവർക്ക് അന്യമായിരുന്നു. ഇതോടെ വായ്പ തിരിച്ചടക്കാൻപോലും കഴിയാതെ താമസക്കാരിൽ ഭൂരിഭാഗവും തൊഴിൽ തേടി മറ്റിടങ്ങളിലേക്ക് പോയി.
വീട് കൈമാറ്റം ചെയ്യാൻ പാടിെല്ലന്ന വ്യവസ്ഥയുണ്ടായിട്ടും പലരും കിട്ടിയ വിലക്ക് കൊടുത്ത് കൈയൊഴിഞ്ഞ് നാടുവിട്ടു. ഇവിടെയുള്ള കുടുംബങ്ങൾ ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പൊതുകിണർ ഇന്ന് ഉപയോഗശൂന്യമാണ്. ചുരുക്കം ചില വീട്ടുകാർക്ക് സ്വന്തമായി കിണറുണ്ടെങ്കിലും ഭൂരിഭാഗം പേരും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ജലവിഭവവകുപ്പിെൻറ പൈപ്പിനെയാണ്. കുടിവെള്ള വിതരണത്തിനായി നിർമിച്ച കിണറും ജലസംഭരണിയും നശിച്ചനിലയിലാണ്.
അവകാശരേഖയില്ലാത്തതിനാല് കൈവശഭൂമിയിൽ ആർക്കും തന്നെ ഭൂനികുതി അടയ്ക്കാൻ കഴിയുന്നില്ല. ഇതിനാൽ സർക്കാർ ധനസഹായമോ ബാങ്ക് വായ്പയോ നേടി വീടുകൾ നവീകരിക്കാനോ സ്വയം തൊഴിൽ കണ്ടെത്താനോ ഇവർക്കാകുന്നില്ല.
കോളനിയിലെ വീടുകളുടെ നവീകരണത്തിനായി ഭവന നിർമാണ ബോർഡുമായി ആലോചിച്ച് ഉടൻതന്നെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിട്ട് നാളേെറയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.