തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ നീർപക്ഷികളുടെ എണ്ണത്തിൽ 65 ശതമാനം വർധനയെന്ന് ഏഷ്യന്‍ നീര്‍പക്ഷി സെന്‍സസ് കണക്കുകള്‍. ജില്ലയിലെ 11 പോയന്റുകളിൽ എൻ.ജി.ഒ ആയ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യൂ.ഡബ്ല്യൂ.എഫ് - ഇന്ത്യ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
2021ലെ കണക്കുകൾ പ്രകാരം 72 ഇനങ്ങളിലായി 3270 നീർപക്ഷികളാണ് ജില്ലയിലുണ്ടായിരുന്നത്. പുതിയ സെൻസസ് പ്രകാരം ഇത് 76 ഇനങ്ങളിലായി 5396 എന്ന നിലയിൽ വർധിച്ചിട്ടുണ്ട്.
പൂവാർ അഴിമുഖത്തും പുഞ്ചക്കരി - വെള്ളായണി തണ്ണീർത്തടത്തിന്റെ തടാകഭാഗങ്ങളിലും രേഖപ്പെടുത്തിയ എണ്ണത്തിലെ നേരിയ കുറവ് ഒഴികെ മറ്റ് ഒമ്പത് ഇടങ്ങളിൽ വർധനവാണ് പഠനത്തിൽ പ്രകടമാകുന്നത്. 45 വിദഗ്ധ പക്ഷി നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും സന്നദ്ധപ്രവര്‍ത്തകരുമാണ് നീര്‍പക്ഷി സെന്‍സിൽ പങ്കെടുത്തത്.
പുഞ്ചക്കരി - വെള്ളായണി തണ്ണീർത്തടം പ്രദേശത്ത് ഈ വർഷം 51 ഇനങ്ങളെയും 1419 പക്ഷികളെയും പഠനസംഘം രേഖപ്പെടുത്തി. ഇവിടെ പൊൻമണൽക്കോഴി, നരയൻ വാലുകുലുക്കി, വെള്ള വാലുകുലുക്കി, വർണക്കൊക്ക്, കരണ്ടികൊക്കൻ, പുള്ളിക്കാടക്കൊക്ക്, ചാരത്തലയൻ തിത്തിരി തുടങ്ങിയ ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രമാണ്.
പൂവാർ അഴിമുഖത്ത് തീരദേശ പക്ഷികളായ വലിയ കടലാള, വലിയ മണൽക്കോഴിയും മംഗോളിയൻ മണൽക്കോഴിയും, ചെറുമണൽക്കോഴി, തിരമുണ്ടി തുടങ്ങിയവ റിപ്പോർട്ട് ചെയ്തു. പൂവാറിലാണ് കായൽ പൊന്മാനെ കണ്ടെത്തിയത്. വേളി കായലിൽ ഒട്ടുമിക്ക നീര്‍പക്ഷികളെയും റിപ്പോർട്ട് ചെയ്തു.
കേശവദാസപുരത്തെ മോസ്ക് ലെയിനിലെ കൃഷി വകുപ്പിന്റെ നെൽവയലിൽ ഏതാനും പുള്ളിക്കാടക്കൊക്കും കരിമ്പൻ കാടക്കൊക്കുമാണുണ്ടായിരുന്നത്. ആറ്റിങ്ങൽ പഴഞ്ചിറ തണ്ണീർത്തടത്തിൽ 200 പുള്ളിച്ചുണ്ടൻ താറാവ്, 140 വരി എരണ്ട, 210 ചൂളൻ എരണ്ട, 110 പവിഴക്കാലി എന്നിവക്ക് പുറമെ ദേശാടനപ്പക്ഷികളായ കാടക്കൊക്കുകളും ഉൾപ്പെടെ 34 ഇനങ്ങളിലായി 1298 പക്ഷികളെ റിപ്പോർട്ട് ചെയ്തു.
കാഴ്ചബംഗ്ലാവ് - മൃഗശാല പ്രദേശം വംശനാശഭീഷണി നേരിടുന്ന ചേരക്കോഴിയുടെ സുരക്ഷിത ആവാസസ്ഥലമായി നിലനിൽക്കുന്നെന്ന് പഠനം അടിവരയിടുന്നു. വർഷം മുഴുവനും ഇവിടെ ഇവയുടെ കൂടുകൂട്ടല്‍ കണ്ടെത്താനായി. ഇവിടെയുള്ള രണ്ട് വലിയ കുളങ്ങൾക്കരികിലായി 22 പാതിരാകൊക്കുകളുടെ കൂട്ടത്തെയും മറ്റ് നീര്‍പക്ഷികളെയും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആക്കുളം കായൽ പ്രദേശത്ത് മെച്ചപ്പെട്ട പക്ഷി സെൻസസാണ് ഇത്തവണയുള്ളത്. നാടൻ താമരക്കോഴി, ചേരക്കോഴി തുടങ്ങിയവയാണ് ഇവിടെ കണ്ടെത്തിയത്. തെറ്റിക്കൊക്കൻ, പച്ചക്കാലി, ചോരക്കാലി, ചേരാകൊക്കൻ തുടങ്ങിയവയാണ് കഠിനംകുളം തണ്ണീർത്തടത്തിലെ പ്രധാനികൾ.
അരുവിക്കര, നെടുംകാട്, കണ്ണമ്മൂല തോട് തുടങ്ങിയ ഇടങ്ങളില്‍ പക്ഷികളുടെ എണ്ണവും വളരെ കുറവായിരുന്നു. അരുവിക്കര ജലസംഭരണിയുടെയും കണ്ണമ്മൂല തോടിന്റെയും തീരങ്ങളില്‍ നടക്കുന്ന വലിയതോതിലുള്ള നിര്മാണപ്രവര്ത്തനങ്ങളാകാം എണ്ണത്തിലെ ഈ കുറവിന് കാരണമെന്നാണ് വിലയിരുത്തൽ.
തണ്ണീർത്തടത്തിലെ ആവാസവ്യവസ്ഥകളുടെ ഗുണനിലവാരം മോശമാകുന്നെന്ന് സർവേയിലെ കണ്ടെത്തൽ. ആറ്റിങ്ങലിനടുത്തുള്ള പഴഞ്ചിറ തണ്ണീർത്തടമൊഴികെ മറ്റ് പത്ത് തണ്ണീർത്തടങ്ങളും മനുഷ്യരുടെ ഇടപെടൽമൂലം ഉണ്ടാകുന്ന ഭീഷണികൾ നേരിടുന്നവയാണ്.
പുഞ്ചക്കരി - വെള്ളായണി തണ്ണീർത്തടം ഖര മാലിന്യ നിക്ഷേപം, നെൽകൃഷിയിൽനിന്ന് വയലുകൾ തീവ്ര വളപ്രയോഗം നടത്തുന്ന പച്ചക്കറി കൃഷിഭൂമിയിലേക്കുള്ള മാറ്റം എന്നിവമൂലം പ്രതിസന്ധി സൃഷ്ടിക്കുന്നു.
പക്ഷികളെ അകറ്റാനായി കർഷകർ പടക്കം പൊട്ടിക്കുന്നത്, ഉച്ചഭാഷണി ഉപയോഗം, വിവാഹ ഫോട്ടോഗ്രാഫിക്കും മറ്റ് ഫോട്ടോ ഷൂട്ടിങ്ങിനുമായി എത്തുന്നവർ പക്ഷികളെ പറപ്പിക്കാൻ കല്ലെറിയുന്നതുമടക്കം വെല്ലുവിളികൾ നിരവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.