തിരുവനന്തപുരം: ഫ്രാൻസിസ് വധക്കേസിലെ നിർണായക സാക്ഷികളെ 24 വർഷത്തിനുശേഷം ഓൺലൈനായി വിസ്തരിച്ചു. അമേരിക്കയിലുള്ള തിരുവനന്തപുരം കുന്നുകുഴി സ്വദേശി മാത്യു, മകൻ സഞ്ജു മാത്യു എന്നിവരെയാണ് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയുടെ നിർദേശപ്രകാരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം നമ്പർ കോടതി മജിസ്ട്രേറ്റ് എ. അനീസ വിസ്തരിച്ചത്.
1998 ആഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഫ്രാൻസിസ് എന്നയാളെ പുത്തൻപാലം രാജേഷ്, അനിൽകുമാർ, ബിനു, ദിലീപ്‌കുമാർ എന്നിവർ ചേർന്ന് മർദിച്ചു. ജീവൻ രക്ഷിക്കാനായി ഫ്രാൻസിസ് മാത്യുവിന്റെ വീട്ടിൽ ഓടിക്കയറി.
പിന്നാലെയെത്തിയ പ്രതികൾ ഫ്രാൻസിസിനെ വെട്ടിക്കൊല്ലുകയായിരുന്നു. 'ബിനുവിനെ അടിക്കാനായോ' എന്ന് ചോദിച്ചായിരുന്നു അക്രമം. ഏജീസ് ഓഫിസ് ജീവനക്കാരനായിരുന്ന മാത്യുവും മകൻ സഞ്ജുവും പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമായി.
കേസിലെ മറ്റ് സാക്ഷികളെ വിസ്തരിച്ചെങ്കിലും എല്ലാവരും കൂറുമാറുകയായിരുന്നു. രണ്ടാംപ്രതി ബിനു വിചാരണക്കിടെ മരിച്ചു. നാലാംപ്രതി ദിലീപ് ഇപ്പോഴും ഒളിവിലാണ്. കേസിൽ മൂന്ന്, നാല് സാക്ഷികളായ ഇവരെ വിസ്തരിക്കാൻ ഏറെ വർഷങ്ങളായി കോടതി സമൻസ് അയക്കുന്നുണ്ടായിരുന്നെങ്കിലും മാത്യുവും സഞ്ജുവും ഹാജരായിരുന്നില്ല.
തുടർന്ന് ഹൈകോടതിയുടെ അനുമതിയോടെ അമേരിക്കയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയായിരുന്നു. റിമോട്ട് കൺട്രോൾ ഓഫിസറെയും നിയോഗിച്ചു. സാക്ഷികൾ പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞു. കേസിലെ ബാക്കി വിചാരണ നടപടികൾ ജില്ല സെഷൻസ് കോടതിയിൽ തുടരും. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ്‌കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.