ആറ്റിങ്ങൽ: പട്ടാപ്പകല്‍ സ്വകാര്യ എ.ടി.എമ്മില്‍ മോഷണശ്രമം. പ്രതികളെ പിടികൂടിയത് പണം നിക്ഷേപിക്കാനെത്തിയ ജീവനക്കാര്‍. ചിറയിന്‍കീഴിലാണ് അമ്പരപ്പിക്കുന്ന മോഷണശ്രമം നടന്നത്. പ്രതികളായ തിരുവനന്തപുരം മുട്ടത്തറ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയാണ് സംഭവം.
ചിറയിന്‍കീഴ് ശാര്‍ക്കര ബൈപാസിൽ സ്വകാര്യ ഏജന്‍സി സ്ഥാപിച്ച എ.ടി.എമ്മിലാണ് മോഷണശ്രമം നടന്നത്. രാവിലെ കടകള്‍ തുറക്കുന്നതിന് മുമ്പായി രണ്ട് ബൈക്കുകളിലായെത്തിയ യുവാക്കള്‍ എ.ടി.എമ്മിനുള്ളില്‍ പ്രവേശിക്കുകയും ഷട്ടര്‍ താഴ്ത്തുകയും ചെയ്തു. ഉച്ചയോടെ സമീപത്തെ വീട്ടില്‍നിന്ന് വെട്ടുകത്തി വാങ്ങി ഇതുമായി ഉള്ളില്‍ കയറി. ഷട്ടർ താഴ്ത്തിയിരുന്നതിനാൽ പണം പിൻവലിക്കാൻ ആരും ഇവിടെ കയറിയില്ല. ഈ സമയം ഇതുവഴി കടന്നുപോയ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരന് സംശയം തോന്നി വാഹനം നിര്‍ത്തി.
പണം നിക്ഷേപിക്കുമ്പോഴും റിപ്പയര്‍ നടത്തുന്നതും ഏജന്‍സിയാണ്. ജീവനക്കാരന് ഷട്ടര്‍ ഉയര്‍ത്തിപ്പോഴാണ് രണ്ടുപേര്‍ എ.ടി.എം തകര്‍ത്ത് പരിശോധന നടത്തുന്നത് കണ്ടത്. തുടര്‍ന്ന് വാഹനത്തിലുള്ളവരെത്തി ഷട്ടര്‍ താഴ്ത്തി മോഷ്ടാക്കളെ കുടുക്കുകയായിരുന്നു. ചിറയിന്‍കീഴ് പൊലീസ് സംഘമെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷം വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.