തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ വിദേശ വനിതയെ അഞ്ചംഗസംഘം കൂട്ടംചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ വി. അജിത് നിർദേശം നൽകി.
സംഭവം നടന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും വിഴിഞ്ഞം പൊലീസ് കേസെടുക്കാത്തത് വിവാദമായതിനെ തുടർന്നാണ് നിർദേശം നൽകിയത്. രണ്ട് ദിവസം മുമ്പ് രാത്രി അടിമലത്തുറ വഴി വരുകയായിരുന്ന വിദേശ വനിതയെ ടാക്സി ഡ്രൈവറുടെ നേതൃത്വത്തിലാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ഹോട്ടൽ ഷെഫ് സംഭവം തടുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി രക്ഷപ്പെട്ടു ഹോട്ടലിൽ അഭയം നേടുകയായിരുന്നു. തുടർന്ന് അഞ്ചംഗം സംഘം ഷെഫിനെ ആക്രമിച്ചു.സംഭവത്തെ തുടർന്ന് യുവതിയും ഹോട്ടൽ മാനേജ്മെന്റും പരാതി നൽകി. വിഴിഞ്ഞം സ്റ്റേഷനിലെ രണ്ട് പൊലീസുകാർ എത്തി ദ്വിഭാഷിയുടെ സഹായത്തോടെ മൊഴി എടുത്തിരുന്നുവെങ്കിലും വ്യാഴാഴ്ച വൈകുന്നേരം വരെ പൊലീസ് കേസ് എടുക്കുവാനോ പ്രതികളെ പിടികൂടാനോ തയ്യാറായില്ല.
തുടർന്ന് വിദേശികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി എത്തി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ഡി.സി.പി വിഴിഞ്ഞം ഇൻസ്പെക്ടറോട് യുവതിയെ നേരിൽകണ്ട് മൊഴി രേഖപ്പെടുത്തി കേസ് എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.