ആറ്റിങ്ങൽ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ശുചിമുറികൾ പൂട്ടിക്കിടക്കുന്നത് യാത്രക്കാരെ വലക്കുന്നു. സ്റ്റേഷനിലെത്തുന്ന നൂറുകണക്കിന് സ്ത്രീകൾ അടക്കം യാത്രക്കാരെ ഇത് പ്രതിസന്ധിയിലാക്കുന്നു. നേരത്തേ റെയിൽവേ നേരിട്ടാണ് ശുചിമുറികൾ പ്രവർത്തിപ്പിച്ചിരുന്നത്.
അടുത്തിടെ ബ്ലോക്കുകളുടെ നടത്തിപ്പവകാശം ലേലത്തിൽ നൽകുകയായിരുന്നു. എന്നാൽ കോൺട്രാക്ട് എടുത്തയാൾ കൃത്യമായി തുറന്നുപ്രവർത്തിപ്പിക്കാൻ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
കോൺട്രാക്ടെടുത്ത് ആദ്യദിനങ്ങളിൽ ടോയ്ലറ്റ് ബ്ലോക്ക് ശുചീകരിച്ച് പ്രവർത്തനം ആരംഭിച്ചപ്പോൾ സെപ്റ്റിക് ടാങ്കിൽ ബ്ലോക്ക് കണ്ടെത്തി. തുടർന്ന് ഇത് ക്ലീൻചെയ്ത് പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കാത്തതാണ് ശുചിമുറികൾ പൂട്ടിക്കിടക്കാൻ കാരണമെന്നാണ് സൂചന. ബ്ലോക്കായി ആഴ്ചകൾ കഴിയുമ്പോഴും യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
തിരുവനന്തപുരം-കൊല്ലം ഭാഗങ്ങളിലേക്ക് കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് മേഖലയിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരാണ് ഈ റെയിൽവേ സ്റ്റേഷൻ ഉപയോഗിക്കുന്നത്. ഇവരെല്ലാം നിലവിൽ പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യം ഇല്ലാതെ വലയുകയാണ്.
ശുചിമുറികൾ പൂട്ടപ്പെട്ടതോടെ പൊതു ഇടത്തിലെ മൂത്രവിസർജനം വ്യാപകമായി. പ്ലാറ്റ്ഫോമുകളുടെ തുടക്കത്തിലും ഒടുക്കത്തിലും രൂക്ഷമായ മൂത്രഗന്ധമാണ്. അതുകൊണ്ടുതന്നെ, എത്രയും പെട്ടെന്ന് ടോയ്ലറ്റ് ബ്ലോക്ക് ശുചീകരിച്ച് പ്രവർത്തനക്ഷമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി സാമൂഹികപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.