ബാലരാമപുരം: സ്പിന്നിങ് മിൽ മതിൽ അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതർ. രണ്ടുദിവസമായി തിമിർത്തുപെയ്ത മഴയിൽ മതിലിന്റെ ഒരുവശെത്ത കല്ലിളകി വീണ് അപകടാവസ്ഥയിലായി. ബാലരാമപുരത്തെ തിരുവനന്തപുരം സ്പിന്നിങ് മിൽസിന്റെ ഐത്തിയൂർ റോഡിലെ മതിലാണ് അപകടകരമായി ഒരുഭാഗം തകർന്ന് കിടക്കുന്നത്. കഴിഞ്ഞ മഴയത്ത് മതിൽ തകർന്നതോടെ അരികിലുള്ള കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറും അപകടാവസ്ഥയിലായി. ട്രാൻസ്ഫോർമറിന് പിറകിലെ മതിൽ മഴയിൽ ട്രാൻസ്ഫോർമറിലേക്ക് വീണാൽ വലിയ അപകടമുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.
പതിറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച മതിലിന്റെ മഴക്കാലത്ത് പൊളിഞ്ഞുവീഴുന്ന ഭാഗം അറ്റകുറ്റപ്പണി ചെയ്യുന്നതല്ലാതെ ഇതേവരെ പൂർണമായ നിർമാണപ്രവർത്തനം നടത്തിയിട്ടില്ല. ഇവിടെ ഹൗസിങ് ബോർഡിന്റെ കെട്ടിടവും അപകടഭീഷണിയിലാണ്. 1968ൽ കരിങ്കൽ കൊണ്ട് നിർമിച്ച മതിലിന് 12 അടിയോളം ഉയരമുണ്ട്.
കുട്ടികളും യാത്രക്കാരുമുൾപ്പടെ നിരവധിപേർ കടന്നുപോകുന്ന റോഡിലാണ് മതിലിന്റെ പലഭാഗങ്ങളും ഏത് നിമിഷവും അപകടം വരുത്തുന്ന തരത്തിൽ നിൽക്കുന്നത്.
നൂറുകണക്കിന് സ്കൂൾ കുട്ടികളും യാത്രക്കാരും നടന്നും മറ്റ് വാഹനങ്ങളിലും കടന്നുപോകുന്ന റോഡാണിത്. മതിലിന്റെ ഭാഗങ്ങൾ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.