ബാലരാമപുരം: ജീവിതത്തിൽ തളർന്നുപോയ വേണുവിന് തിരികെ എത്തണമെങ്കിൽ ഓരോ സുമനസ്സുകളുടെയും സഹായം അത്യാവശ്യമാണ്. നിർമാണജോലിക്കിടെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് അരക്കുതാഴെ തളർന്നാണ് ബാലരാമപുരം ഐത്തിയൂർ വട്ടവിളവീട്ടിൽ വേണു (50) കിടപ്പിലായത്. ഇതോടെ ഒരു കുടുംബം പട്ടിണിയിലായി. തുടർചികിത്സക്കുവേണ്ട പണത്തിനായി ഇവർ നെട്ടോട്ടത്തിലാണ്.
2022 ഫെബ്രുവരിയിലാണ് അപകടം. വീടിന്റെ സൺ ഷെയ്ഡിൽനിന്ന് മുറ്റത്തേക്ക് വീണ വേണു അന്നുമുതൽ ശരീരം തളർന്ന് കിടപ്പിലാണ്. രണ്ട് മക്കളുടെ പഠനത്തിനും തുടർ ചികിത്സക്കും മരുന്നിനും പണം കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ് ഈ കുടുംബം. ഭാര്യ മിനിയും വിദ്യാർഥികളായ രണ്ട് മക്കളും ഉൾപ്പെടുന്നതാണ് കുടുംബം. വേണു ജോലിക്ക് പോയിരുന്ന സമയത്ത് വീട് നിർമിക്കുന്നതിനായി സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ ഇപ്പോൾ ജപ്തിയുടെ വക്കിലാണ്.
ഇതോടെ കിടപ്പാടവും നഷ്ടപ്പെടുമെന്ന ഭീഷണിയിലാണ് കുടുംബം. സ്വയം എഴുന്നേൽക്കാൻ കഴിയാത്ത ഭർത്താവിനെ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് മിനി.
നല്ല ചികിത്സ നൽകിയാൽ വേണുവിന് ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും തുടർ ചികിത്സക്കും മരുന്നിനും പണമില്ലാതെ വലിയ ബുദ്ധിമുട്ടിലാണ് കുടുംബം. സുമനസ്സുകളുടെ സാമ്പത്തികസഹായത്തിന് ബാങ്ക് ഓഫ് ഇന്ത്യ ബാലരാമപുരം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 852910110006357. ഐ.എഫ്.എസ്.സി: BKID 0008529. യു.പി.ഐ നമ്പർ: 9847178262.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.