ബാലരാമപുരം: ദുരിതപൂർണമാണ് ബാലരാമപുരം ഫാമിലി ഹെൽത്ത് സെന്ററിന്റെ അവസ്ഥ. രാത്രികാലങ്ങളിൽ ഈ ആശുപത്രിയെ ആശ്രയിച്ചെത്തുന്നവർക്ക് പലപ്പോഴും നിരാശമാത്രമാണ്. സ്വകാര്യ ആശുപത്രിയെ സഹായിക്കുന്ന തരത്തിലാണ് ഈ സർക്കാർ ആശുപത്രിയുടെ പ്രവർത്തനമെന്നും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. നടപടി സ്വീകരിക്കേണ്ടവരും മൗനം പാലിക്കുന്നു.
ഡോക്ടറില്ല എന്ന ബോർഡ് മാത്രമാണ് ഇവിടെ കാണാൻ കഴിയുന്നത്. കിടത്തിചികിത്സ ഉൾപ്പെടെ നിലവാരത്തിലുയർത്തിയ ആശുപത്രിക്കാണ് ഈ ദുർവിധി. ദിനവും മുന്നൂറിലെറെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. രണ്ട് ബ്ലോക്കുകളിലായി ഇരുപത്തിയഞ്ചിലെറെ കിടക്കകളുള്ള ആശുപത്രിയിലാണ് രാത്രി ഡോക്ടർമാരുടെ സേവനം ഇല്ലാതെ പോകുന്നത്. ഇവിടെ രാത്രികാല ഡോക്ടർമാരില്ലാത്ത ദിവസങ്ങളിൽ പ്രദേശത്തെ സ്വാകാര്യ ആശുപത്രിയിൽ വലിയ തിരക്കാണ്. സ്വകാര്യ ആശുപത്രികളിൽ അമിത ഫീസ് ഇടാക്കുന്നതും രോഗികളെ ദുരിതത്തിലാക്കുന്നു.
നാല് പി.എസ്.സി ഡോക്ടർമാരും ഒരു എൻ.ച്ച്.എം ഡോക്ടറും പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറും ഉൾപ്പെടെ ആറ് ഡോക്ടർമാരാണ് ഇവിടെ ഡ്യൂട്ടിക്കുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാണ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഇത്രയും ഡോക്ടർമാരെ നിയോഗിച്ചിരിക്കുന്നത്.
കുടുംബാരോഗ്യകേന്ദ്രങ്ങളൽ മൂന്ന് നഴ്സുമാരുടെ പോസ്റ്റുള്ളപ്പോൾ ബാലരാമപുരത്ത് ഏഴുപേരാണുള്ളത്. ഹോസ്പിറ്റലിനകം വൃത്തിഹീനമായി കിടക്കുമ്പോഴും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർ കണ്ണടക്കുന്നുവത്രെ. ഫാർമസിക്കും ഇതേ അവസ്ഥാണ്.
പതിറ്റാണ്ടുകൾക്കുമുമ്പ് നാട്ടുകാരുടെ കഠിനപരിശ്രമത്തിന്റെ ഫലമായി വന്ന ആശുപത്രിയാണ് ഇന്ന് രോഗികളെ ബുദ്ധിമുട്ടിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.