ബാലരാമപുരം: ബാലരാമപുരത്തും സമീപപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാകുന്നു. വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നതാണ് തെരുവ് നായ ശല്യം വർധിക്കുന്നതിനിടയാക്കുന്നത്. കച്ചേരിത്തോപ്പ് പാർക്കിങ് ഏരിയ, വടക്കേവിള, ശാലിഗോത്രത്തെരുവ് സമീപപ്രദേശങ്ങളിലാണ് തെരുവുനായ് ശല്യം വർധിക്കുന്നത്.
പ്രദേശത്തെ ജനവാസം കൂടിയ മേഖലയിലും സ്കൂളിന് മുന്നിലും തെരുവുനായ്ക്കളുടെ ശല്യം ദിവസം കഴിയുന്തോറും വർധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. സന്ധ്യമങ്ങുന്നതോടെ തെരുവുനായ്ക്കൾ ഇരുചക്രവാഹനയാത്രക്കർക്കും ഭീഷണിയാകുന്നു. റോഡിൽ മാലിന്യത്തോടൊപ്പം വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളും വ്യാപാര സ്ഥാപനങ്ങളിൾ നിന്ന് ഉപേക്ഷിക്കുന്ന ഭക്ഷണവും ഭക്ഷിക്കുന്നതിന് വിവിധ പ്രദേശങ്ങളിൾ നിന്നെത്തുന്ന തെരുവുനായ്ക്കളാണ് പലപ്പോഴും ആക്രമകാരികളാകുന്നത്.
പ്രശ്നപരിഹാരത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. ആക്രമണം രൂക്ഷമായ കച്ചേരിത്തോപ്പ് പാർക്കിങ് ഏരിയയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നായുണ്ടെന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എത്ര ശ്രദ്ധിച്ചാലും ഇവയുടെ ആക്രമണത്തിനിരയാകുന്നതും പതിവാണ്. ശാലിഗോത്രത്തെരുവിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങളെ നായ്ക്കൾ പിന്തുടരുന്നതും പതിവ് കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.