തിരുവനന്തപുരം: മൺസൂൺകാല ട്രോളിങ് നിരോധനത്തിനായുള്ള ഒരുക്കം ജില്ലയിൽ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജൂൺ പത്തു മുതൽ ജൂലൈ 31 വരെ നീളുന്ന ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ചചെയ്തു. നിരോധനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ യോഗങ്ങൾ ചേരും.
ഫിഷറീസ് വകുപ്പ്, ഹാർബർ എൻജിനീയറിങ്, മറൈൻ എൻഫോഴ്സ്മെന്റ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. മാസ്റ്റർ കൺട്രോൾ റൂം ഫിഷറീസ് ഡയറക്ടറിൽ പ്രവർത്തിക്കും. 18 സീ റസ്ക്യൂ ഗാർഡുകൾ, മുതലപ്പൊഴിയിൽ മൂന്ന് ഷിഫ്റ്റുകളിലായി ജീവൻരക്ഷ സ്ക്വാഡുകൾ എന്നിവയും സജ്ജമാക്കും. കടൽ പട്രോളിങ്ങിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി വിഴിഞ്ഞം ഹാർബർ കേന്ദ്രീകരിച്ച് ഒരു മറൈൻ ആംബുലൻസും മുതലപ്പൊഴി ഹാർബർ കേന്ദ്രീകരിച്ച് ഒരു ബോട്ടും നിലവിലുണ്ട്.
പുറമേ ട്രോളിങ് നിരോധന കാലയളവിൽ പ്രവർത്തിക്കുന്നതിനായി വിഴിഞ്ഞത്ത് ഒരു ചെറുവള്ളം, ബോട്ട്, മുതലപ്പൊഴിയിൽ രണ്ട് ചെറുവള്ളം, ബോട്ട് എന്നിവക്കായുള്ള ടെൻഡർ നടപടികളും പുരോഗമിക്കുന്നു. കാലാവസ്ഥാ മുന്നറിയിപ്പ് ബോർഡുകൾക്ക് പുറമേ തീരദേശത്തെ ആരാധാനാലയങ്ങളിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വാട്സ്ആപ് ഗ്രൂപ്പുകൾ ആരംഭിക്കും.
മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് വെരിഫിക്കേഷൻ ഉണ്ടായിരിക്കും. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ യാന ഉടമകൾ ഉറപ്പാക്കണം. ഇതര സംസ്ഥാനതൊഴിലാളികളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പിനെയോ കോസ്റ്റൽ പൊലീസിനെയോ അറിയിക്കണം. യാനങ്ങളുടെ രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ നിർബന്ധമാണ്. ഹാർബറുകൾ കേന്ദ്രീകരിച്ച് അംഗീകൃത വലകളുടെ പരിശോധനയും ഉണ്ടായിരിക്കും. യോഗത്തിൽ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് പ്രേംജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി, ഹാർബർ എൻജിനീയറിങ്, മറൈൻ എൻഫോഴ്സ്മെന്റ്, പൊലീസ്, സിവിൽ സപ്ലൈസ്, വാട്ടർ അതോറിറ്റി തുടങ്ങി വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.