തിരുവനന്തപുരം: കടന്നലുകളോട് സാദൃശ്യമുള്ള നിറവും ശരീരാകൃതിയുമുള്ള രണ്ട് പുതിയ ഇനം 'സിർഫിഡ് ഈച്ച'കളെ പശ്ചിമഘട്ട പ്രദേശത്തും വടക്ക് കിഴക്കൻ മേഖലകളിലും കണ്ടെത്തി. മോനോസെറോമിയ ഫ്ലാവസ്ക്യൂട്ടറ്റ, മോനോസെറോമിയ നൈഗ്രേ എന്നിങ്ങനെ നാമകരണം ചെയ്ത ഈച്ചകളെ 80 വർഷത്തിന് ശേഷമാണ് രാജ്യത്ത് കണ്ടെത്തുന്നത്.
തമിഴ്നാട്ടിലെ തടിയൻകുടിസിയിൽനിന്ന് മോനോസെറോമിയ ഫ്ലാവസ്ക്യൂട്ടറ്റയെയും അരുണാചൽ പ്രദേശിൽനിന്ന് മോനോസെറോമിയ നൈഗ്രേയെയും കണ്ടെത്തുകയായിരുന്നു. മഞ്ഞനിറം കാരണമാണ് മോനോസെറോമിയ ഫ്ലാവസ്ക്യൂട്ടറ്റ എന്ന പേര് ലഭിച്ചത്. ശരീരഭാഗത്തിലെ കറുപ്പ് നിറമാണ് മോനോസെറോമിയ നൈഗ്രേ എന്ന് പേര് ലഭിക്കാൻ ഇടയാക്കിയത്. അന്താരാഷ്ട്ര ജേണലായ 'ജേണൽ ഓഫ് ഏഷ്യ പസഫിക് എൻറമോളജി'യിലാണ് കണ്ടെത്തൽ സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
ഒറ്റനോട്ടത്തിൽ കടന്നലായി തെറ്റിദ്ധരിക്കപ്പെടുന്നവയാണ് ഈ ഈച്ചകൾ. പശ്ചിമഘട്ടത്തിൽനിന്ന് (തടിയൻകുടിസ്) കണ്ടെത്തിയ ഇനം മരക്കറ ഒലിപ്പുകളിലാണ് മുട്ടയിടുന്നത്. ഒലിച്ചുകൂടിയ മരക്കറ, മരപ്പൊത്തുകൾ, ചെറുതേനീച്ചയുടെ കൂട്, മുളമുട്ടിലെ വെള്ളക്കെട്ട് എന്നിവയാണ് ഇവ ആവാസവ്യവസ്ഥയായി ഉപയോഗിക്കുന്നത്.
അണ്ണാമലൈ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി എച്ച്. ശങ്കരരാമൻ, കേരള കാർഷിക സർവകലാശാലയിലെ അസി. പ്രഫസർ എസ്.എസ്. അനൂജ്, ജർമനിയിലെ അലക്സാണ്ടർ കൊഈങ് സുവോളജിക്കൽ റിസർച് മ്യൂസിയത്തിലെ ശാസ്ത്രജ്ഞൻ ക്സിമോ മെങ്വൾ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. കേരളം, തമിഴ്നാട്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പഠനത്തിന്റെ ഭാഗമായി സർവേ നടത്തിയിരുന്നു. പശ്ചിമഘട്ടത്തിന്റെയും വടക്ക് കിഴക്കൽ ഇന്ത്യയുടെയും ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് കണ്ടെത്തൽ. ഇതുവരെ ഇന്ത്യയിൽ 12 ഇനം ഇത്തരം ഈച്ചകളെയാണ് കണ്ടെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.