അമ്പലത്തറ: പത്ത് ദിവസം നീളുന്ന ബീമാപള്ളി ഉറൂസിന് കൊടിയേറി. ബുധനാഴ്ച രാവിലെ എട്ടിന് ഇമാം മാഹീന് അബൂബക്കറുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രാരംഭ പ്രാർഥനക്കുശേഷം പള്ളി അങ്കണത്തില്‍നിന്ന് പുറപ്പെട്ട പട്ടണപ്രദക്ഷിണം ബീമാപള്ളി, ജോനക പൂന്തുറ, മാണിക്യവിളാകം വഴി 10.30ഓടെ ബീമാപള്ളി അങ്കണത്തില്‍ തിരിച്ചെത്തി. ചീഫ് ഇമാം സയ്യിദ് മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ദർഗ ഷെരീഫില്‍ സർവമത സാഹോദര്യത്തിനും രാജ്യത്തിന്റെ ഐക്യത്തിനും രോഗശാന്തിക്കുമായി നടന്ന പ്രാർഥന നടന്നു. തുടർന്ന് പ്രത്യേകം തയാറാക്കിയ പള്ളി മിനാരത്തിലെ കൊടിമരത്തില്‍ ദുബൈയില്‍നിന്ന് എത്തിച്ച ഇരുവർണ ഉറൂസ് പതാക തക്ബീർ ധ്വനികളുടെ അകമ്പടിയോടെ പ്രസിഡന്റ് ഉയര്‍ത്തി.
മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, ജി.ആര്. അനില്‍, മുന്‍ എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍ വി. സുരേന്ദ്രന്‍പിള്ള, ജമാഅത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉറൂസിനോടനുബന്ധിച്ച് ബുധനാഴ്ച നഗരസഭ പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചിരുന്നു. കെ.എസ്.ആര്.ടി.സി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രത്യേക സർവിസുകള്‍ നടത്തി. വിശ്വാസിക്കള്‍ക്ക് സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ സൗജന്യ ഉച്ചഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. സിറ്റി പൊലീസ് അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിൽ പൊലീസ് സുരക്ഷയൊരുക്കി. ആരോഗ്യവകുപ്പ്, കോര്പറേഷന്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനവും ഉണ്ടായിരുന്നു.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് അറേബ്യയില്‍നിന്ന് ഇസ്ലാംമത പ്രചാരണാർഥം തിരുവിതാംകൂറിലെത്തിയ ബീമാബീവി, മകന് മാഹീന് അബൂബക്കർ എന്നിവരുടെ സ്മരണാർഥമാണ് വര്‍ഷം തോറും ഉറൂസ് നടത്തുന്നത്. ഉറൂസുമായി ബന്ധപ്പെട്ട് തുടര്‍ദിവസങ്ങളില്‍ രാത്രി 10 മുതല്‍ മതപ്രഭാഷണം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.