തിരുവനന്തപുരം: കൈക്കൂലി വാങ്ങവേ തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരൻ അറസ്റ്റിൽ. തിരുവല്ലം സോണൽ ഓഫിസിലെ സീനിയർ ക്ലർക്ക് അനിൽ കുമാറിനെയാണ് കൈക്കൂലി വാങ്ങവേ ശനിയാഴ്ച വിജിലൻസ് പിടികൂടിയത്. കെട്ടിടം ക്രമവത്കരിച്ച് നൽകുന്ന നടപടികൾക്കായി 1000 രൂപ കൈക്കൂലിയാണ് ഇയാൾ അപേക്ഷകനോട് ആവശ്യപ്പെട്ടത്.
തിരുവല്ലം സോണൽ ഓഫിസ് പരിധിയിൽ ഉൾപ്പെടുന്ന പുഞ്ചക്കരിയിൽ നിർമിച്ച കെട്ടിടം ക്രമവത്കരിച്ച് കെട്ടിട നമ്പർ നൽകുന്നതിനായി പരാതിക്കാരൻ കോർപറേഷൻ സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. സെക്രട്ടറി തുടർനടപടികൾക്കായി ഫയൽ തിരുവല്ലം സോണൽ ഓഫിസിൽ നൽകി. ഫയലിൽ നടപടി സ്വീകരിക്കുന്നതിൽ കാലതാമസം വന്നതിനെ തുടർന്ന് ഓഫിസിലെത്തിയ അപേക്ഷകനോട് സീനിയർ ക്ലർക്കായ അനിൽകുമാർ ഫയൽ നടപടി ത്വരിതപ്പെടുത്താൻ 1000 രൂപ ആവശ്യപ്പെട്ടു. പരാതിക്കാരൻ വിവരം വിജിലൻസ് തെക്കൻ മേഖല എസ്.പി വി. അജയകുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം വിജിലൻസ് തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വൈകീട്ട് 4.30 ഓഫിസിൽവെച്ച് പണം വാങ്ങവേ ഇയാളെ പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർമാരായ സനിൽകുമാർ, സോമശേഖരൻനായർ, പൊലീസ് സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, രാജേഷ് കുമാർ, പൊലീസ് ഉദ്ദ്യോഗസ്ഥരായ ഹാഷിം, അജയകുമാർ, അനീഷ്, കണ്ണൻ, ആനന്ദ്, ജാസിം എന്നിവരുമുണ്ടായിരുന്നു. അനിൽകുമാറിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.