തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ എൻജിനിയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് കോടതി ഈമാസം 18ലേക്ക് മാറ്റി. സേവ് ഫോറം എന്ന സംഘടന കക്ഷി ചേരണമെന്ന ആവശ്യവുമായി എത്തിയതിനെ തുടര്‍ന്നാണ് മാറ്റിയത്. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
92 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്ന കേസില്‍ പൊലീസ് കേസെടുത്തത് സംബന്ധിച്ച് പറയാന്‍ സര്‍ക്കാര്‍ അഭിഭാഷകനുള്ളപ്പോള്‍ തട്ടിപ്പിന്റെ കാര്യം വിശദീകരിക്കാന്‍ മറ്റൊരാളുടെ സഹായം ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടര്‍ നിലപാട് സ്വീകരിച്ചു. സേവ് ഫോറത്തെ കക്ഷിയാക്കുന്നതിലെ നിയമപരമായ സാംഗത്യത്തെ പ്രതിഭാഗവും ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് കേസ് മറ്റൊരുദിവസം വാദം കേള്‍ക്കാനായി മാറ്റിയത്.
1255 നിക്ഷേപകരില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത കേസ് സര്‍ക്കാര്‍ അതീവ ഗൗരവമായാണ് കാണുന്നതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാറിനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന് ഹാജരായി.
സഹകരണ സംഘം മുന്‍ പ്രസിഡന്റ് ഗോപിനാഥന് നായര്‍, ക്ലര്‍ക്ക് രാജീവ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹരജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. നിക്ഷേപകര്‍ക്ക് വ്യാജ നിക്ഷേപ രേഖകള്‍ നല്‍കിയാണ് പ്രതികള്‍ വന്‍ തട്ടിപ്പ് നടത്തിയത്.
നിക്ഷേപകരില്‍നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടു കൾ, കൈമാറ്റം, ഭൂമി വാങ്ങിക്കൂട്ടിയതടക്കമുള്ള നിയമവിരുദ്ധ ഇടപാടുകൾ എന്നിവയെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. എല്ലാ നിക്ഷേപകരെയും കണ്ടെത്തി തട്ടിപ്പിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചാലേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനാകൂ എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.