തിരുവനന്തപുരം: മൂന്ന് പഞ്ചായത്ത് പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മലയോര ഹൈവേയിൽനിന്ന് ബി.എം.ബി.സി നിലവാരത്തിൽ ഹൈടെക് ബൈപാസ് റോഡ് വരുന്നു. കുന്നത്തുകാൽ, കൊല്ലയിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് എള്ളുവിളയിൽനിന്ന് കോട്ടുക്കോണം നാറാണി മൂവേരിക്കര വഴി തൃപ്പലവൂരിലേക്കും അവിടെനിന്ന് മഞ്ചവിളാകം മുതൽ കോട്ടക്കൽ പ്രദേശത്തേക്കും ബൈപാസ് നിർമിക്കുന്നത്.
സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നിർദേശപ്രകാരം ബജറ്റിലുൾപ്പെടുത്തി ഒമ്പത് കോടി ചെലവിൽ നിർമിക്കുന്ന രണ്ട് റോഡുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പിലെ നിർവഹണ ഉദ്യാഗസ്ഥരും ജനപ്രതിനിധികളും സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ നിർമാണ പ്രദേശത്ത് സ്ഥല പരിശോധന നടത്തി. പ്രദേശവാസികളുമായി സംസാരിച്ചതായും റോഡ് നിർമാണത്തിൽ ഒരു വിധ തടസ്സവാദങ്ങളുമില്ലാതെ നാട്ടുകാർ സഹകരിക്കുന്നതായും എം.എൽ.എ പറഞ്ഞു.
8 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. അതിൽ 5.5 മീറ്റർ വീതിയിൽ ബിറ്റുമിൻ മെക്കാഡം റബറൈസ്ഡ് ടാറിങ് നടത്തും. റോഡ് നിർമാണം പൂർത്തിയാവുന്നതോടെ തമിഴ്നാട് നിന്ന് വെള്ളറട, പനച്ചമൂട്, കാരക്കോണം തുടങ്ങിയ മേഖലകളിൽ നിന്നും അരുവിപ്പുറം, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാവും.
സി.കെ. ഹരീന്ദ്രൻ എം.എൽ.എയോടൊപ്പം കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. അമ്പിളി, വൈസ് പ്രസിഡൻറ് ജി. കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. പത്മകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.എസ്. റോജി, ഷീബാറാണി, ജയപ്രസാദ്, ഡി.കെ. ശശി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ജയരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ സ്മിത, നാട്ടുകാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഫെബ്രുവരി ആദ്യവാരം പ്രവൃത്തികൾ ആരംഭിച്ച് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നതിനുള്ള ഇടപെടൽ നടത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.