ബിന്ദു ചിത്രരചനയിൽ

അർബുദ ചികിത്സക്ക് പണം വേണം, ബിന്ദുവിന്‍റെ ചിത്രങ്ങൾ വാങ്ങുമോ നിങ്ങൾ?

തിരുവനന്തപുരം: വരയുടെയും നിറങ്ങളുടെയും ലോകത്ത് ഒരുപാട് സ്വപ്നങ്ങളുമായി പാറിനടക്കവേ ജീവിതത്തിന്‍റെ താളംതെറ്റിച്ച് എത്തിയ അർബുദത്തിനുമുന്നിൽ കീഴടങ്ങാതിരിക്കാനുള്ള പോരാട്ടത്തിലാണ് ബിന്ദു. വൈദ്യശാസ്ത്രം ദിവസങ്ങൾ മാത്രം ആയുസ്സ് പറഞ്ഞ ജീവിതത്തെ അത്രപെട്ടെന്ന് മടക്കിയയക്കാൻ ഈ പെൺകരുത്ത് തയാറല്ല, അവൾക്ക് ഇനിയും ജീവിക്കണം. നിങ്ങളുടെ സഹായം ഉണ്ടെങ്കിൽ ബിന്ദു ജീവിക്കും, നമുക്കിടയിൽ.

കഴിഞ്ഞ ജൂലൈയിലാണ് വയർവീക്കത്തിന്‍റെ രൂപത്തിൽ അർബുദം വി.സി. ബിന്ദുവിനെ (52) പിടികൂടിയത്. ആർ.സി.സിയിലെ ഐ.സി.യുവിൽ പകുതി ബോധത്തിലാണ്ടുകിടക്കെ ഭർത്താവ് സാബുവിനോട് ഡോക്ടർമാർ പറഞ്ഞ വാക്കുകൾ ഇന്നും ഒരു മുഴക്കംപോലെ ബിന്ദുവിന്‍റെ ചെവിയിലുണ്ട്. 'ശ്വാസകോശത്തിലും വ്യാപിച്ചു. നീർക്കെട്ടുണ്ട്. നാലാംഘട്ടമായതുകൊണ്ട് രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്'. പക്ഷേ അത്രപെട്ടെന്ന് കീഴടങ്ങാൻ ബിന്ദു തയാറായില്ല.

തിരിച്ചുവരണമെന്ന നിശ്ചയദാർഢ്യത്തോടെ അവൾ വരച്ചു. വലിയ കാൻവാസുകളിൽ തന്നെ. വേദനയുമായി പടപൊരുതുമ്പോഴും നിറങ്ങൾ മുന്നോട്ട് നടത്തി. താൻ നേടിയ അറിവുകൾ വരും തലമുറക്ക് പകർന്നുനൽകി ചികിത്സക്കുള്ള പണം കണ്ടെത്തി. പക്ഷേ വിധി വീണ്ടും ബിന്ദുവിനെ പരീക്ഷിക്കുകയാണ്. തുടർചികിത്സക്ക് ഇനിയും പണം വേണം. തുക കണ്ടെത്താൻ തന്‍റെ വർഷങ്ങളുടെ സമ്പാദ്യമായ ചിത്രങ്ങൾ വിൽക്കാനൊരുങ്ങുകയാണ് ഈ കലാകാരി.

20 വർഷംകൊണ്ട് വരച്ച 200ഓളം ചിത്രങ്ങളിലാണ് ഇനി ബിന്ദുവിന്‍റെ പ്രതീക്ഷ. 'ജീവിതം' എന്ന് പേര് നൽകിയ ചിത്രപ്രദർശനവും വിൽപനയും ബുധനാഴ്ച തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ഏപ്രിൽ 12 വരെയാകും പ്രദർശനം. ചിത്രങ്ങൾ വാങ്ങുകയെന്നതാണ് ഈ കലാകാരിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വിലയേറിയ സാന്ത്വനം. പ്രദർശനത്തിന്‍റെ ഉദ്ഘാടനം ചിത്രകാരൻ ബി.ഡി. ദത്തൻ നിർവഹിക്കും. സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥിയാകും. ചിത്രകാരൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിക്കും.

Tags:    
News Summary - Cancer treatment needs money, Would you buy pictures of Bindu?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.