തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ-സഹകരണ ആശുപത്രികളും കോവിഡ് ബാധിതർക്കായി 50 ശതമാനം കിടക്കകൾ മാറ്റിെവക്കണമെന്ന് ജില്ല ഭരണകൂടത്തിന്റെ നിർദേശം.
സ്വകാര്യ ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിലെ ഓക്സിജൻ, വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ ഉൾപ്പെടെ കോവിഡ് ചികിത്സക്ക് മാറ്റിെവക്കാനാണ് നിർദേശം. ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കലക്ടർ നവ്ജ്യോത് ഖോസ മാർഗനിർദേശങ്ങൾ പുറത്തിറക്കി. എല്ലാ കോവിഡ് ചികിത്സാകേന്ദ്രങ്ങളും കലക്ടറേറ്റിലെ ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂനിറ്റുമായി കൃത്യമായി ആശയവിനിമയം നടത്തണം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലിഫോൺ നമ്പർ നൽകണം. ഐ.സി.യു വെന്റിലേറ്റർ കിടക്കകൾ ഉൾപ്പെടെ ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങൾ, കോവിഡ് ബാധിതരായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം, ഡിസ്ചാർജ്, റഫർ ചെയ്യുന്ന രോഗികളുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഓരോ നാല് മണിക്കൂർ ഇടവിട്ട് കോവിഡ് ജാഗ്രതാപോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.
ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂനിറ്റുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാതെ, കോവിഡ് രോഗികളെ സർക്കാർ ആശുപത്രികളിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ റഫർ ചെയ്യാൻ പാടില്ല. കോവിഡ് ബാധിതരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കൃത്യമായ നിരീക്ഷണം നടത്തണം. ലക്ഷണമില്ലാത്ത രോഗികളെ ഹോം ഐസൊലേഷനിൽ വിടണം.
തിരുവനന്തപുരം: വ്യാപനം അതിരൂക്ഷമായ ജില്ലയിൽ ബുധനാഴ്ച 5684 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1206 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 45.8 ശതമാനം. രോഗം സ്ഥിരീകരിച്ച് 40,701 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ജില്ലയിലാണ് രോഗവ്യാപനം അതിതീവ്രം. രണ്ടിൽ ഒരാൾക്ക് കോവിഡ് ഉണ്ടെന്നാണ് കണ്ടെത്തൽ.
ജില്ലയിൽ ഇന്നലെ മൂന്നുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇന്ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇന്നലെ കോവിഡ് വിലക്ക് ലംഘനത്തിന് 59 കേസുകളിലായി 28 പേർ അറസ്റ്റിലായി. 10 വാഹനങ്ങൾ പിടികൂടി. സിറ്റിയിൽ 47 കേസുകളിലായി 20 പേരും റൂറലിൽ 12 കേസുകളിലായി എട്ട് പേരുമാണ് പിടിയിലായത്.
തിരുവനന്തപുരം: കോർപറേഷനിലെ കവടിയാർ െറസിഡൻസ് അസോസിയേഷൻ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും കരകുളം പഞ്ചായത്തിലെ വട്ടപ്പാറ വെസ്റ്റ്, വട്ടപ്പാറ ഈസ്റ്റ്, കരയലാത്തുകോണം, പ്ലാത്തറ, വെങ്കോട്, ആറാം കല്ല്, കരകുളം, മുക്കോല, ഏണിക്കര, കല്ലയം, മരുതൂർ, കഴുനാട് എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.
ഇവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകീട്ട് അഞ്ച് വരെയും റസ്റ്റാറന്റുകളും ഹോട്ടലുകളും രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ ഹോം ഡെലിവറിക്കുമാത്രമായി തുറക്കാം. ഡൈൻ-ഇൻ അനുവദിക്കില്ല.
മറ്റ് കടകൾ അടച്ചിടും. ചന്തകൾക്ക് പ്രവർത്തനാനുമതിയില്ല. ഇ-േകാമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കാം. ഈ സോണുകളിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് തിരക്ക് കുറക്കാനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇന്നു മുതൽ ഒപി ടിക്കറ്റ് വിതരണം രാവിലെ എട്ട് മുതൽ 12 വരെയായി ചുരുക്കി. ചികിത്സക്ക് എത്തുന്ന രോഗി അവശനിലയിലാണെങ്കിൽ രണ്ടുപേരെയും മറ്റുള്ള രോഗികൾക്ക് ഒരാളെയും സഹായിയായി അനുവദിക്കും. സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.