തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്കുശേഷം തലസ്ഥാനം വീണ്ടും മഴ ഭീഷണിയിൽ. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
അതേസമയം പ്രതീക്ഷിച്ചതിനെക്കാളും 99 ശതമാനം അധികമഴയാണ് ഇതിനോടകം തിരുവനന്തപുരത്ത് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ 19വരെ 177.3 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 353.4 മി.മീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. ജില്ലയിൽ പുതുതായി 20 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇവിടെ 177 കുടുംബങ്ങളിലെ 630 പേരെയാണ് മാറ്റിപ്പാർപ്പിട്ടുള്ളത്. ഇതിൽ 137 പേർ കുട്ടികളാണ്. അതിശക്തമായ മഴയിൽ മൂന്നു വീടുകൾ പൂർണമായും 179 വീടുകൾ ഭാഗികമായും തകർന്നു.
15 കോടിയുടെ കൃഷി നാശം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ജില്ലയിൽ 15.08 കോടിയുടെ കൃഷി നാശമെന്ന് പ്രാഥമിക കണക്ക്. 5830 കർഷകരുടെ 625.66 ഹെക്ടർ കൃഷിയാണ് നശിച്ചത്.
മത്സ്യബന്ധനം പാടില്ല
ഒക്ടോബർ 22വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽസാഹചര്യത്തിൽ ഈ ദിവസങ്ങളിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കലക്ടർ അറിയിച്ചു.
പ്രത്യേക ശ്രദ്ധക്ക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.