തിരുവനന്തപുരം: സിനിമകളിൽ മാത്രം കണ്ടിരുന്ന സ്വർണക്കള്ളക്കടത്തും സ്വർണം പൊട്ടിക്കലും (കടത്ത് സ്വർണം കവർന്നെടുക്കൽ) തലസ്ഥാനത്തിനും പരിചിതമാകുമ്പോൾ ഇതിന് പിന്നിലുള്ളവരെ കണ്ടെത്താനാകാതെ പൊലീസ്. മലബാര്‍ മേഖലയില്‍ സജീവമായ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ തലസ്ഥാനത്തും കളംമുറുക്കുന്നതിന്റെ സൂചനയാണ് നഗരമധ്യത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന തട്ടിക്കൊണ്ടുപോകല്‍.
സിംഗപ്പുരില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവെച്ചതോടെ പൊട്ടിക്കല്‍ ശ്രമം പാളുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സിംഗപ്പുരില്‍നിന്ന് സ്വര്‍ണം എത്തുന്നുണ്ടെന്നും വാങ്ങാന്‍ തമിഴ്നാട്ടില്‍നിന്ന് മുഹമ്മദ് ഉമര്‍ എത്തുമെന്നും കൃത്യമായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് രണ്ട് കാറുകളില്‍ പൊട്ടിക്കല്‍ സംഘം വിമാനത്താവളത്തിന് സമീപം കാത്തുകിടന്നത്. യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങി മറ്റൊരു സംഘത്തെ ഏല്‍പ്പിക്കുക എന്നതായിരുന്നു ഉമറിന്റെ ദൗത്യം.
ആള് വരാതിരുന്നതിനെ തുടര്‍ന്ന് ഉമര്‍ രാത്രി വിമാനത്താവളത്തിന്റെ രാജ്യാന്തര ടെര്‍മിനലിനു പുറത്തെത്തി ഓട്ടോയില്‍ മടങ്ങാന്‍ തീരുമാനിച്ചു. തിരുനെല്‍വേലി ഭാഗത്തേക്കുള്ള ബസ് പിടിക്കാനായാണ് ഉമര്‍ ഓട്ടോയില്‍ കയറിയത്. ഉമര്‍ സ്വര്‍ണവുമായാണ് മടങ്ങുന്നതെന്നു തെറ്റിദ്ധരിച്ചാണ് പൊട്ടിക്കല്‍ സംഘം തകരപ്പറമ്പ് റോഡില്‍വെച്ച് ഓട്ടോഡ്രൈവറെ കീഴ്പ്പെടുത്തി ഉമറിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഉമറിന്റെ കൈയില്‍ സ്വര്‍ണമില്ലെന്ന് മനസിലായതോടെ വഴിയില്‍ ഇറക്കി സംഘം തടിതപ്പുകയായിരുന്നു.
രാമനാട്ടുകരയിൽ കടത്ത് സ്വർണം കവർന്ന കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്ക് തലസ്ഥാനത്തും വേരോട്ടമുണ്ടെന്ന് പൊലീസിന് മനസിലായിട്ടും ഇക്കാര്യത്തിൽ ഒരു ചെറുവിരലനക്കിയിട്ടില്ല. അർജുൻ പലതവണ കാര്യവട്ടം കാമ്പസിലും തലസ്ഥാനത്തെ പ്രമുഖ കോളജുകളിലും വന്നതായി സ്ഥിരീകരണമുണ്ടായിട്ടും രഹസ്യാന്വേഷണവിഭാഗമോ സ്പെഷൽ ബ്രാഞ്ചോ മുന്നോട്ടുപോയില്ല. കാര്യവട്ടം കാമ്പസിലെ ഹോസ്റ്റലിൽ അർജുൻ പലരാത്രികളിലും വിദ്യാർഥികൾക്കൊപ്പം തങ്ങിയിരുന്നു. ഇതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടും ഇന്റലിജൻസ് വിഭാഗം പരിശോധിച്ചില്ല. സ്വർസം പൊട്ടിക്കലില്ലൂടെ കൂടതൽ പണം ലഭിക്കുമെന്നതിനാൽ വിദ്യാർഥികളിൽ പലരും ഇത്തരം ചതികളിൽപ്പെട്ടിരിക്കാമെന്ന സംശയം ഉയർന്നിട്ടുണ്ട്
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തും തുടർന്നുള്ള പൊട്ടിക്കലും നേരത്തെയും അരങ്ങേറിയിട്ടുണ്ടെങ്കിലും പുറംലോകമറിയാറില്ല. കടത്തുകാർ പൊലീസിനും വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണത്തിന്റെ ഒരുപങ്ക് ഓഫർ ചെയ്യുന്നതോടെ പരാതികളില്ലാതെ എല്ലാം ഒതുക്കുകയാണ് പതിവ്. കടത്തുകാരും പൊട്ടിക്കൽ സംഘങ്ങളും തമ്മിൽ സംഘട്ടനങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. 2023 ഫെബ്രുവരിയില്‍ ഗള്‍ഫില്‍നിന്ന് വന്നയാളെ കരിക്കകത്തിന് സമീപത്തെ പെട്രോൾ പമ്പിൽവെച്ച് ആക്രമിച്ച് സ്വര്‍ണം പൊട്ടിച്ചിരുന്നു.
ഗള്‍ഫില്‍നിന്ന് കടത്തിക്കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണം തിരുവനന്തപുരത്ത് കൈമാറ്റം ചെയ്തത് ‘സ്വര്‍ണം പൊട്ടിക്കല്‍’ ആണെന്ന് പേട്ട പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തില്‍ കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദലി (28) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.