തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ ഗുണ്ടകള്‍ തമ്മിലെ തര്‍ക്കത്തിൽ ഒരാള്‍ക്ക് വെട്ടേറ്റു. ആറ്റുകാല്‍ പടശ്ശേരി സ്വദേശി ശരത്തിനുനേരെയാണ് ആക്രമണമുണ്ടായത്. കാലിന് ഗുരുതര പരിക്കേറ്റ ശരത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയാളെ വെട്ടിപ്പരിക്കേല്പിച്ച പഞ്ചസാര ബിജുവിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം ഒളിവിൽ പോയി. ബിജുവിന് പുറമെ ശിവൻ, ബൈജു, അനീഷ്, ജയേഷ്, ബാബു, കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ബിജുവിനെതിരെ ശരത് ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ബിജുവിനോട് ശരത് തമാസിക്കുന്ന ഭാഗത്തേക്ക് പോകരുതെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. ബുധനാഴ്ച രാവിലെ ബിജുവും സംഘവും ശരത് താമസിക്കുന്ന പാടശ്ശേരി ഭാഗത്തെത്തി. റോഡിലൂടെ നടന്നുപോകുകയായിരുന്ന ശരത്തിനെ വെട്ടുകയായിരുന്നു. കാല് വെട്ടിമാറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് പൊലീസ് പറയുന്നു.
സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സംഘം സ്ഥലംവിട്ടു. പരിക്കേറ്റ ശരത്തിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഇയാൾ അപകടനില തരണംചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഫോര്‍ട്ട് പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായിയുള്ള അന്വേഷണം ആരംഭിച്ചു.
ശരത്തും ബിജുവും ശിവനും നിരവധി കേസുകളിലെ പ്രതികളാണെന്നും ശരത്തും ബിജുവും ഒരേ ഗുണ്ടാസംഘത്തിലെ അംഗങ്ങളായിരുന്നെന്നും പൊലീസ് പറഞ്ഞു. അതിനിടെ പട്ടാപ്പകൽ നടന്ന അക്രമത്തിന്റെ ഞെട്ടലിലാണ് നഗരം. ചെറിയ ഇടവേളക്കുശേഷമാണ് നഗരത്തിൽ ഗുണ്ടാസംഘങ്ങളുടെ ശക്തിപ്രകടനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.