മുഖ്യമന്ത്രിയുമായി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചർച്ച നടത്താൻ എത്തിച്ചേർന്ന അദാനി പോർട്സ് സി.ഇ.ഒ കരൺ അദാനിക്കെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുയർത്തി സെക്രട്ടേറിയറ്റ് നടയിൽ കർഷക-മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധം

അശാസ്ത്രീയ വിഴിഞ്ഞം തുറമുഖ നിർമാണം; അനിശ്ചിതകാല പ്രക്ഷോഭം തുടരുന്നു

തിരുവനന്തപുരം: അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമാണം തീർക്കുന്ന തീരാദുരിതങ്ങൾ ജനസമക്ഷമെത്തിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ലത്തീൻസഭയുടെ അനിശ്ചിതകാല പ്രക്ഷോഭം. സമരത്തിന്‍റെ നാലാം ദിവസമായ ശനിയാഴ്ചയും വലയും മീൻപാത്രങ്ങളും തലയിൽ ചുമന്നും അവർ പ്രതിഷേധിച്ചു.

മാർച്ച് തങ്ങളുടെ തൊഴിലിനോടും തൊഴിലിടങ്ങളോടും സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ വല വിരിച്ചുള്ള വേറിട്ടുള്ള സമരമുറയും അരങ്ങേറി. മണ്ണെണ്ണ ക്ഷാമം രൂക്ഷമായത് മൂലം മത്സ്യബന്ധന തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി പ്രതീകാത്മകമായി സമരക്കാർ അധികാരികളുടെ മുന്നിലെത്തിച്ചു.

മണ്ണെണ്ണ അനുബന്ധ ഉപകരണങ്ങൾ തലയിലേറ്റിയാണ് തൊഴിലാളികളെത്തിയത്. ഇതുമായി ഇവർ നിലത്തിരുന്നു.

വിഴിഞ്ഞം തുറമുഖം നിർമാണം ആരംഭിച്ചത് മുതൽ തങ്ങളുടെ ജീവിതം കടലെടുക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. തുറമുഖത്തിന്‍റെ അശാസ്ത്രീയ നിർമാണം കാരണമുള്ള തീരശോഷണത്തിന് പരിഹാരം കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. തീരശോഷണംമൂലം തദ്ദേശവാസികളുടെ വീടും മത്സ്യബന്ധന ഉപകരണങ്ങളും എല്ലാം നശിക്കുകയാണ്. അതുകൊണ്ട് തന്നെ വിഴിഞ്ഞം തുറമുഖ നിർമാണം നിര്‍ത്തിവെച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് പ്രധാന ആവശ്യം. 2018 മുതല്‍ അധികാരികൾ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.

അതുകൊണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ചെയ്യുമെന്നാണ് സമരസമിതിയുടെ നിലപാട്. തീരദേശ ജനത അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ അവതരിപ്പിച്ചാൽ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുന്ന കാരണങ്ങൾ അധികൃതർ നിരത്തുകയാണെന്നും സമരക്കാർ ആരോപിക്കുന്നു. വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, മണ്ണെണ്ണ വിലവർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാറിൽ സമർദം ചെലുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സമരസമിതി ജനറൽ കൺവീനർ ഫാ. യൂജിൻ എച്ച്.പെരേര, ഫാ. ലൂസിയാൻസ് തോമസ്, ഫാ. ഷാജിൻ ജോസ്, ഫാ. ജോസഫ് പ്രസാദ്, ഫാ. ഫ്രെഡി ജോയി എന്നിവർ പങ്കെടുത്തു. അതിരൂപതയുടെ ഒമ്പത് ഫെറോനകളില്‍നിന്ന് മത്സ്യത്തൊഴിലാളികളെയും പങ്കെടുപ്പിച്ചുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

അദാനിക്കെതിരെ 'ഗോ ബാക്ക്'മുദ്രാവാക്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചർച്ച നടത്താൻ എത്തിച്ചേർന്ന അദാനി പോർട്സ് സി.ഇ.ഒ കരൺ അദാനിക്കെതിരെ 'ഗോ ബാക്ക്' മുദ്രാവാക്യങ്ങളുയർത്തി തലസ്ഥാനത്ത് പ്രതിഷേധം.

കർഷക-മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പാളയത്തുനിന്ന് പ്രകടനമായി സെക്രട്ടേറിയറ്റ് നടയിലെത്തി. സെക്രട്ടേറിയറ്റ് നടയിൽ ലത്തീൻ അതിരൂപത മോൺ. ഫാ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു.

സമരസമിതി നേതാക്കളായ സീറ്റാ ദാസൻ, എ.ജെ. വിജയൻ, ആന്‍റോ ഏലിയാസ്, എസ്.യു.സി.ഐ ജില്ല സെക്രട്ടറി കുമാർ, ഫാ. ചാലിൽ, സിസ്റ്റർ മേഴ്സി മാത്യു, ഡോ. ഒ.ജി ഒലീന, ജോൺ ബോസ്കോ തുടങ്ങിയവർ സംസാരിച്ചു. കരാർ വ്യവസ്ഥ പ്രകാരം 2020 ജനുവരി മുതൽ നിർമാണം പൂർത്തിയാകാത്തതിന് ഓരോദിവസവും 12 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥ നടപ്പാക്കാതെ സർക്കാർ അദാനിക്ക് ഒത്താശ ചെയ്യുകയാണെന്ന് നേതാക്കൾ ആരോപിച്ചു. പദ്ധതി നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ശംഖുംമുഖം വിമാനത്താവള ഗേറ്റിന് മുമ്പിൽ ജൂൺ അഞ്ചിന് ആരംഭിച്ച റിലേ സത്യഗ്രഹം തുടരുകയാണ്.

Tags:    
News Summary - Construction of vizhinjam port; protest continuing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.