തിരുവനന്തപുരം: കോർപറേഷന്റെ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ചർച്ചക്കൊടുവിൽ പാസാക്കിയതിന് പിന്നാലെ എൽ.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ തമ്മിൽ കൈയാങ്കളി. കൗൺസിൽ കഴിഞ്ഞ് മടങ്ങിയ ഡെപ്യൂട്ടി മേയറെ ബി.ജെ.പി കൗൺസിലർമാർ തടഞ്ഞുവെച്ചതോടെയാണ് സംഘർഷം രൂപപ്പെട്ടത്. കൂട്ടയടിയിലേക്ക് കാര്യങ്ങൾ എത്തുന്ന സാഹചര്യം വന്നതോടെ പൊലീസെത്തി രംഗം ശാന്തമാക്കി.
ബജറ്റ് അവതരിപ്പിച്ചപ്പോൾ ബി.ജെ.പി കൗൺസിലർമാർ കോർപറേഷന്റെ ശാപമാണെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞിരുന്നു. ഇത് ബി.ജെ.പി കൗൺസിലർമാർക്കിടയിൽ വലിയ അമർഷത്തിന് കാരണമായി. ആരോപണം ബജറ്റ് ചർച്ചയില മറുപടി പ്രസംഗത്തിലും ഡെപ്യൂട്ടി മേയർ ആവർത്തിച്ചു. പരമാർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ ഡെപ്യൂട്ടി മേയർക്ക് ചുറ്റും പ്രതിഷേധവുമായി എത്തി. ഭരണഘടന അംഗീകരിക്കാത്ത കൗൺസിലർമാരെയാണ് ശാപമെന്ന് വിശേഷിപ്പിച്ചതെന്ന് വിശദീകരിച്ച ഡെപ്യൂട്ടി മേയർ താൻ മാപ്പ് പറയാൻ സന്നദ്ധമല്ലെന്ന് ആവർത്തിച്ചു.
തുടർന്ന് ഡെപ്യൂട്ടി മേയറുടെ ചുറ്റും കൂടി നിന്ന് വെല്ലുവിളിക്കുകയും ബഹളം വെക്കുകയും ചെയ്ത ശേഷം ബി.ജെ.പി കൗൺസിലർമാർ യോഗം ബഹിഷ്കരിച്ച് കൗൺസിൽ ഹാൾ വിട്ടിറങ്ങി.
യോഗം കഴിഞ്ഞ് മേയർ ആര്യ രാജേന്ദ്രൻ മടങ്ങുമ്പോൾ ഡെപ്യൂട്ടി മേയറുടെ പരാമർശം രേഖകളിൽനിന്ന് പിൻവലിക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പട്ടു. ഇതിനിടെ ഇവിടേക്ക് വന്ന ഡെപ്യൂട്ടി മേയറുമായി തർക്കമുണ്ടാവുകയും വനിത കൗൺസിലമാർക്കെതിരേ മോശം പരാമർശം നടത്തിയെന്നാരോപിച്ച് തടഞ്ഞുവെക്കുകയുമായിരുന്നു.
ഇതോടെ എൽ.ഡി.എഫ് അംഗങ്ങളും സംഘടിച്ചെത്തി. പുറത്തേക്ക് പോയ മേയർ സംഭവം അറിഞ്ഞ് തിരിച്ചെത്തുകയും ചെയ്തു. ഇതോടെ തർക്കം രൂക്ഷമാവുകയും ഉന്തിലും തള്ളിലേക്കും നീങ്ങുകയുമായിരുന്നു. ബി.ജെ.പി കൗൺസിലർമാരായ മീന, സൗമ്യ, ആശനാഥ്, പദ്മലേഖ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എൽ.ഡി.എഫിന്റെ പുരുഷ കൗൺസിലർമാരടക്കം മർദിച്ചെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയതായി ബി.ജെ.പി നേതാവ് എം.ആർ. ഗോപൻ പറഞ്ഞു.
മേയറെയും കൗൺസിൽ അംഗങ്ങളേയും മർദിച്ചെന്നും ഇതിൽ പരാതി നൽകുമെന്നും എൽ.ഡി.എഫ് കൗൺസിൽ പാർട്ടി നേതാവ് ഡി.ആർ. അനിൽ പറഞ്ഞു. എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധ പ്രകടനവും നടത്തി. ബജറ്റ് മറുപടി പ്രസംഗത്തിൽ ഡെപ്യൂട്ടി മേയർ ചർച്ചയിൽ പങ്കെടുത്ത കൗൺസിലർമാരെ വെല്ലുവിളിക്കുകയും അപമാനിക്കുകയുമായിരുന്നെന്നാരോപിച്ച് നേരത്തേ യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിക്കുകയും പിച്ചച്ചട്ടിയുമായി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
പ്രകടനത്തിന് ജോൺസൺ ജോസഫ്, പി. ശ്യാംകുമാർ, മേരി പുഷ്പം, ആക്കുളം സുരേഷ്, എസ്. സതികുമാരി, വനജ രാജേന്ദ്രബാബു, മിലാനി പെരേര, സെറാഫിൻ ഫ്രെഡി എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ മറുപടി പ്രസംഗം ബഹിഷ്കരിച്ചതോടെ എൽ.ഡി.എഫ് കൗൺസിലർമാർ കൈയടിയോടെ ബജറ്റ് പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.