തിരുവനന്തപുരം: കോർപറേഷനിലെ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി മേടയിൽ വിക്രമനെ തെരഞ്ഞെടുത്തു. കത്ത് വിവാദത്തെ തുടർന്ന് ഡി.ആർ. അനിൽ രാജിവെച്ച ഒഴിവിലാണ് പള്ളിത്തുറ കൗൺസിലറും കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗവുമായ മേടയിൽ വിക്രമനെ തെരഞ്ഞെടുത്തത്.
ചൊവ്വാഴ്ച കോർപറേഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തിരുമല അനിലിനെ മൂന്ന് വോട്ടിനാണ് വിക്രമൻ പരാജയപ്പെടുത്തിയത്. കോൺഗ്രസ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. 12 അംഗ മരാമത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് നാലും കോൺഗ്രസിന് ഒരു പ്രതിനിധിയുമാണുള്ളത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പൗണ്ട്കടവ് വാർഡിൽനിന്ന് ആദ്യമായി വിജയിച്ചെത്തിയ മേടയിൽ വിക്രമന് നിലവിലെ ഭരണസമിതിയിലെ സീനിയർ നേതാക്കളിൽ ഒരാളാണ്. മേയർ ആര്യാ രാജേന്ദ്രന് മേയറായ ഘട്ടത്തിൽ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എം വിക്രമനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഗ്രൂപ് സമവാക്യങ്ങളിൽ തഴയപ്പെടുകയായിരുന്നു.
ഇത്തവണയും വിക്രമന്റെ പേര് ഉയർന്നപ്പോൾ എതിരഭിപ്രായവുമായി എം.എൽ.എ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലയിലെ ഒരുവിഭാഗം നേതാക്കൾ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ രംഗത്തെത്തിയിരുന്നു. എന്നാൽ, പരിചയസമ്പത്ത് ചൂണ്ടിക്കാട്ടി ജില്ല നേതൃത്വം മേടയിൽ വിക്രമനെ ഔദ്യോഗിക സ്ഥാനാർഥിയാക്കുകയായിരുന്നു.
തിരുവനന്തപുരം കോർപറേഷനിലെ 295 താൽക്കാലിക നിയമനങ്ങളിൽ പാർട്ടി പ്രതിനിധികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടിയായിരുന്ന ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രന്റെയും ഡി.ആർ. അനിലിന്റെയും ലെറ്റർപാഡിൽ എഴുതിയ കത്തുകൾ പുറത്തുവന്നിരുന്നു.
എസ്.എ.ടി ആശുപത്രിയിലെ നിയമനങ്ങൾക്കായി ആനാവൂർ നാഗപ്പന് കത്തെഴുതിയിരുന്നതായി ഡി.ആർ. അനിൽ സമ്മതിച്ചത് സർക്കാറിനെയടക്കം പ്രതിരോധത്തിലാക്കിയിരുന്നു. തുടർന്ന് മന്ത്രിമാരായ എം.ബി. രാജേഷിന്റെയും വി. ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷവുമായി നടത്തിയ ചർച്ചയിലാണ് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായ ഡി.ആർ. അനിലിനെ രാജിവെപ്പിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.