തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഉമക്ക് ഇരട്ട റോളാണ്.
രാവിലെ 10ന് പ്രധാനവേദിയായ എം.ടി-നിളയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിന്റെ അവതാരക. 11ന് 20ാം നമ്പർ വേദിയായ ചാല ഗവ. എച്ച്.എസ്.എസിലെത്തി ഹൈസ്കൂൾ വിഭാഗം മലയാളപ്രസംഗത്തിൽ മത്സരിക്കണം.
ഇത് രണ്ടാം തവണയാണ് ഉമ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. കൊല്ലത്ത് നടന്ന കലോത്സവത്തിൽ പ്രസംഗത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ വിഭാഗമായ യുനിസെഫിന്റെ യൂത്ത് കണ്ടൻറ് ക്രിയേറ്ററാണ് ഉമ.
കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ലിംഗനീതി, കാലാവസ്ഥമാറ്റം തുടങ്ങിയ വിഷയങ്ങളിൽ യുനിസെഫിനുവേണ്ടി ചെറുവിഡിയോകൾ നിർമിക്കുകയാണ് ചുമതല. മൈസൂരുവിൽ നടന്ന യുവാക്കളുടെ കാലാവസ്ഥ ഉച്ചകോടിയിൽ പ്രതിനിധിയായി പങ്കെടുത്തു.
സംസ്ഥാന ശിശുദിനാഘോഷത്തിൽ മൂന്ന് തവണ കുട്ടികളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഉമ സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഉജ്ജ്വലബാല്യം അവാർഡ് ജേതാവ് കൂടിയാണ്. ഉമക്കുട്ടി എന്നപേരിൽ യൂട്യൂബ് ചാനലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.