തിരുവനന്തപുരം: പരുത്തിപ്പള്ളി റേഞ്ച് ഓഫിസിൽ വനംവകുപ്പിന്റെ ‘ശുദ്ധികലശം’. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തുന്നു എന്ന ആരോപണം ശക്തമായതോടെ, വനം വിജിലൻസും ഇന്റലിജൻസും ഫ്ലൈയിങ് സ്ക്വാഡും നടത്തിയ രഹസ്യാന്വേഷണവും തുടർന്ന് അവർ നൽകിയ റിപ്പോർട്ടും അടിസ്ഥാനപ്പെടുത്തിയാണ് ശക്തമായ നടപടികളിലേക്ക് വകുപ്പ് കടന്നത്. കഴിഞ്ഞ കുേറയേറെ മാസങ്ങളായി പരുത്തിപ്പള്ളി റേഞ്ച് ഓഫിസിനെതിരെ നിരന്തരം ഗൗരവതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു.
അന്വേഷണത്തിന്റെ ആദ്യപടിയായി റേഞ്ച് ഓഫിസറെയും ഡ്രൈവറെയും കഴിഞ്ഞ ഫെബ്രുവരിയിൽ സസ്പെൻഡ് ചെയ്തു. ഇരുതലമൂരിയെ കടത്തിയ തമിഴ്നാട് സ്വദേശികളെ വിട്ടയക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡ്രൈവറുടെ ഗൂഗ്ൾപേ, ബന്ധുവിന്റെ അക്കൗണ്ട് എന്നിവ വഴി പണംവാങ്ങി എന്ന ആരോപണത്തിലാണ് സസ്പെൻഷൻ. തടിലോറി വിട്ടുനൽകാനും തടിമിൽ ഉടമയിൽനിന്ന് തോക്ക് ലൈസൻസിനടക്കവും ഇദ്ദേഹം പണംവാങ്ങിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്നും പരുത്തിപ്പള്ളി റേഞ്ച് ഓഫിസിനെതിരെ നിരവധി ആരോപണങ്ങളും പരാതികളും ഉയർന്നു. അതിന്റെയടിസ്ഥാനത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസറായ വനിതയെ അച്ചൻകോവിൽ ഡിവിഷനിലേക്ക് സ്ഥലംമാറ്റി. ഇതിനായുള്ള ഡി.എഫ്.ഒയുെട ശിപാർശ പരിഗണിച്ചാണ് കൊല്ലം സതേൺ സർക്കിൾ സി.സി.എഫ് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.
ഇതിനിടെ ഒരാഴ്ചമുമ്പ് ഈ ഓഫിസിലെ താൽക്കാലികക്കാരനായ റാപ്പിഡ് െറസ്പോൺസ് ടീം അംഗം ഓഫിസിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു. വ്യക്തിപരമായ വിഷയങ്ങളാലാണെന്ന് പറയുന്നെങ്കിലും ഓഫിസുമായി ബന്ധപ്പെട്ട് മറ്റ് വിഷയങ്ങൾ പിന്നിലുണ്ടോയെന്ന് പൊലീസിനൊപ്പം വനംവകുപ്പും അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.