തിരുവനന്തപുരം: സാമ്പത്തിക തിരിമറി ആരോപിച്ച് ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത സൈബർ തട്ടിപ്പുസംഘത്തെ ഓടിച്ച് വിദ്യാർഥി. പേരൂർക്കട ജേണലിസ്റ്റ് കോളനിയിലെ അശ്വഘോഷ് സൈന്ധവാണ് (21) മുംബൈ പൊലീസെന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരെ രണ്ടര മണിക്കൂറിലേറെ കുരങ്ങ് കളിപ്പിച്ചശേഷം ‘വിട്ടയച്ചത്’. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായി) പേരിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അശ്വഘോഷിന് ഫോൺ വന്നത്.
അശ്വഘോഷിന്റെ പേരിലുള്ള സിമ്മിൽനിന്ന് ചില വ്യാജ സന്ദേശങ്ങൾ പലർക്കും പോയെന്നും നിങ്ങളുടെ അറിവോടെയല്ല ഇത് നടന്നതെങ്കിൽ രണ്ടു മണിക്കൂറിനുള്ളിൽ മുംബൈയിൽ എത്തണമെന്നുമായിരുന്നു നിർദേശം. അതിന് കഴിയില്ലെന്നറിയിച്ചതോടെ ഓൺലൈൻ വിഡിയോ കോളിൽ വന്ന് മൊഴി നൽകാൻ ആവശ്യപ്പെട്ടു. അവർ നൽകിയ നമ്പറിലേക്ക് വിളിച്ചപ്പോൾ ട്രായിയിലെ ഉദ്യോഗസ്ഥനെന്ന പേരിൽ ഒരാൾ പ്രത്യക്ഷപ്പെട്ട് വിവരം ശേഖരിച്ചു. തുടർന്ന് എഫ്.ഐ.ആർ ഇട്ടെന്നും മുംബൈ സൈബർ സെല്ലിലേക്ക് ഫോൺ കണക്ട് ചെയ്യുകയാണെന്നും അറിയിച്ചു.
തുടർന്ന് പൊലീസ് യൂനിഫോമിൽ തട്ടിപ്പുകാരിലൊരാൾ പ്രത്യക്ഷപ്പെട്ടായിരുന്നു ഡിജിറ്റൽ അറസ്റ്റും മൊഴിയെടുക്കലും. തുടക്കത്തിലേ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ അശ്വഘോഷ് ഓൺലൈൻ കോളും വിഡിയോ കോളിനുമൊക്കെ പരിഹാസരൂപേണയാണ് മറുപടി നൽകിയത്. അമളി മനസ്സിലാക്കിയ തട്ടിപ്പുകാർ ഒടുവിൽ കോൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
തട്ടിപ്പ് സംഘത്തിന്റെ ഡിജിറ്റൽ അറസ്റ്റും ചോദ്യംചെയ്യലും പിതാവും മാധ്യമപ്രവർത്തകനുമായ ടി.സി. രാജേഷിന്റെ സഹായത്തോടെ അശ്വഘോഷ് ഫേസ്ബുക്ക് ലൈവ് വഴി പുറത്തുവിട്ടതോടെ നിമിഷങ്ങൾക്കകം വിഡിയോ വൈറലായി. കള്ളന്മാരെ കെട്ടുകെട്ടിച്ച അശ്വഘോഷിന്റെ സാമർഥ്യത്തെ പ്രകീർത്തിച്ച് കേരള പൊലീസും രംഗത്തെത്തി. സൈബർ കോഴ്സ് വിദ്യാർഥിയായ അശ്വഘോഷ് നേരത്തേ സോഫ്റ്റ്വെയർ അപ്ഡേഷനിൽ കേടായ ഫോൺ, കമ്പനി നന്നാക്കി നൽകാത്തതിനെതിരെ സ്വന്തമായി ഉപഭോക്തൃ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ച് ശ്രദ്ധനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.