മംഗലപുരം: മോഹനപുരം ഖബറടിയിൽ ലഹരിമാഫിയയുടെ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. ഖബറഡി നെടുവംവീട്ടിൽ നൗഫലിനാണ് (27) ഗുരുതരമായി വെട്ടേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഖബറടി ജങ്ഷന് സമീപം സ്കൂട്ടറിലെത്തിയ രണ്ടുപേർ നൗഫലിനെ വെട്ടാൻ ശ്രമിച്ചപ്പോൾ തൊട്ടടുത്ത ഷംനാദിന്റെ ഉടമസ്ഥതയിലുള്ള മദീന കടയിലേക്ക് ഓടിക്കയറി.
അക്രമികൾ പിന്തുടർന്ന് കടക്കകത്ത് കയറി നൗഫലിന്റെ കയ്യിലും കാലിലും വെട്ടുകയായിരുന്നു. കടയിൽ സാധനം വാങ്ങാനെത്തിയ സ്ത്രീകളെ വെട്ടുകത്തികാട്ടി സംഘം ഭീഷണിപ്പെടുത്തി. കടയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ചില്ലലമാര വെട്ടി പൊട്ടിച്ചു. പരിക്കേറ്റ നൗഫലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാപ കേസ് പ്രതികളായ മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം എ.എസ്.ആർ മനസിലിൽ ഷെഹിൻ കുട്ടൻ, മുള്ളൻ കോളനിയിൽ ആലുനിന്നവിള വീട്ടിൽ അഷറഫ് എന്നിവർ ചേർന്നാണ് നൗഫലിനെ വെട്ടിയതെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പൊലീസ് പറഞ്ഞു. മംഗലപുരം പൊലീസ് പ്രതികൾക്കായി തെരച്ചിൽ തുടങ്ങി. മൂന്നുമാസം മുമ്പ് നൗഫലിന്റെ ബന്ധുവായ അജ്മലുമായുണ്ടായ അടിപിടിയുടെ പ്രതികാരമായാണ് ആക്രമണമെന്ന് കരുതുന്നു.
അജ്മലിനെ അന്വേഷിച്ചെത്തിയ സംഘം അയാളെ കാണാത്തതിനെ തുടർന്ന് വൈകീട്ട് 5.15ന് കല്ലൂരിലെ അജ്മൽ ജോലി ചെയ്യുന്ന ഹാഷിമിന്റെ ഉടമസ്ഥതയിലുള്ള വെൽഡിങ് വർക്ഷോപ്പിലെ വാതിലിൽ വാളുകൊണ്ട് നിരവധി തവണ വെട്ടുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഖബറടിയിൽ എത്തിയ സംഘം നൗഫലിനെ വെട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.