തിരുവനന്തപുരം: കരിമഠം കോളനിയിലെ കഞ്ചാവ് വിൽപന തടഞ്ഞ നാസറിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കരിമഠം കോളനി സ്വദേശികളായ അമാനം സതി (52), നസീർ (40), തൊത്തി സെയ്താലി (50) എന്നിവരെ ജീവപര്യന്തം കഠിന തടവിനും 50,000 രൂപ വീതം പിഴയും ഒടുക്കണമെന്ന് ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു ശിക്ഷ വിധിച്ചു.
പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം കൂടി കഠിനതടവ് അനുഭവിക്കണം. ജീവപര്യന്തം കഠിന തടവിന് പുറമേ നിയമവിരുദ്ധമായ സംഘം ചേരൽ, ലഹള നടത്തൽ, മാരകായുധത്തോടുകൂടി ലഹള എന്നീ കുറ്റങ്ങൾക്ക് മൂന്ന് മാസം കൂടി അധികതടവ് അനുഭവിക്കണം.കൂട്ടുപ്രതികളും കരിമഠം കോളനി നിവാസികളുമായ ജയൻ, നവാസ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
എട്ട് പ്രതികളുണ്ടായിരുന്ന കേസിൽ 18 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. വിചാരണ തുടങ്ങുംമുമ്പ് കൂട്ടുപ്രതികളായ അയ്യപ്പൻ, ഷാജി, മനു എന്നിവർ മരിച്ചു.2006 സെപ്റ്റംബര്‍ 11ന് വൈകീട്ട് 5.30ന് കരിമഠം കോളനിയിലെ ക്ഷേത്രത്തിന് മുന്നിലിട്ടാണ് നാസറിനെ ആക്രമിച്ചത്. കൊല്ലപ്പെട്ട നാസർ മയക്ക് മരുന്ന് വിൽപനയെ എതിർക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യ ഭാരവാഹിയായിരുന്നു. മയക്കുമരുന്ന് വിൽപനക്കാരനായ സതിയോട് ഇനി തുടർന്നാല്‍ പൊലീസിന് വിവരം നല്‍കുമെന്ന് നാസർ പറഞ്ഞിരുന്നു.
പറഞ്ഞ് 10 മിനിറ്റ് ആകുംമുമ്പ് അമാനം സതി സുഹൃത്തുക്കളുമായി എത്തി നാസറിനെ വെട്ടിയും കുത്തിയും പരിക്കേൽപിച്ചതായി സാക്ഷികൾ കോടതിയില്‍ മൊഴി നല്കി. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നസീര്‍ 23ാം ദിവസമാണ് മരിച്ചത്.പ്രധാനപ്രതിയായ അമാനം സതി മറ്റൊരു മയക്കുമരുന്ന് വിൽപന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം. സലാഹുദ്ദീന്, എ.ആർ. ഷാജി, ദേവിക മധു, അഖില ലാൽ എന്നിവർ ഹാജരായി. 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 35 രേഖകളും എട്ട് തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.