കാട്ടാക്കട: ശക്തമായ മഴ തുടരുന്നതിനിടെ അഗസ്ത്യവനത്തിലെ പൊത്തോട് സെറ്റില്‍മെന്റിനടുത്ത് കാട്ടാന ചെരിഞ്ഞ നിലയിലും അടുത്ത് കുട്ടിയാനയും കണ്ടെത്തി. ആദിവാസി സെറ്റില്‍മെന്റിന് അകലെയല്ലാത്ത സ്ഥലത്താണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ചെരിഞ്ഞ ആനയുടെ തൊട്ടടുത്തുതന്നെ കുട്ടിയാനയും നില്ക്കുന്നതായി ആദിവാസികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി ഏഴോടെ വൈല്‍ഡ് ലൈഫ് വാര്ഡന് സുരേഷ് ബാബു, പേപ്പാറ അസി.വാര്ഡന് സലിംജോസ്, അഗസ്ത്യവനം ഡെപ്യൂട്ടി വാര്ഡന് അനീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘമെത്തി രണ്ടര വയസ്സോളം പ്രായമുള്ള കുട്ടിയാനയെ പിടികൂടി. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ രാത്രി ഒമ്പതോടെ കോട്ടൂര്‍ ഗജ ഗ്രാമത്തിലെത്തിച്ചു.
രണ്ട് ദിവസമായി അമ്മയാനയും കുട്ടിയാനയും പൊത്തോട് സെറ്റില്‍മെന്റിനടുത്ത് അവശതയില്‍ കഴിയുന്നതായ വിവരം പുറത്തറിഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് കാട്ടാന ചെരിഞ്ഞത്. ശക്തമായ മഴ കാരണം കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. അതുകൊണ്ട് തന്നെ വളരെ ജാഗ്രതയോടെയാണ് വനപാലക സംഘം കാടുകയറിയത്. വനനിരീക്ഷണത്തിന് വാച്ചര്മ്മാരും ബീറ്റ് ഫോറസ്റ്റര്മ്മാരും, ഫോറസ്റ്റര്മ്മാരും റെയിഞ്ച് ഓഫിസര്മ്മാരുമൊക്കെയുണ്ട്. എന്നാല്‍ ആദിവാസികളാണ് കാട്ടാന ചെരിഞ്ഞ വിവരം പുറംലോകത്തെ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.