തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ അധികൃതർ നിയമനടപടിക്ക്. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് കാണിച്ചാണ് എ.ബി.സി ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി. സിനുജി എന്നിവർക്ക് കെ.എസ്.ഇ.ബി മുതിർന്ന അഭിഭാഷകൻ ബി. ശക്തിധരൻ നായർ മുഖേന നോട്ടീസയച്ചത്.
‘കെ.എസ്.ഇ.ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ’ എന്ന തലക്കെട്ടിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലാണ് വസ്തുതവിരുദ്ധ പ്രചാരണം നടത്തിയതത്രെ. കെ.എസ്.ഇ.ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ തെറ്റായ പ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ്. പൊതുഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽനിന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കൽ ലക്ഷ്യമിട്ട് നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും നിയമനടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.