തിരുവനന്തപുരം: ചാല ചെന്തിട്ട ദേവീക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ നാലമ്പലം പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേനയുടെ ഇടപെടല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കി.
സേന തീ കെടുത്തിയത് ഒന്നരമണിക്കൂര്‍ പരിശ്രമിച്ച്. ഞായറാഴ്ച വൈകീട്ട് 3.15നാണ് ക്ഷേത്രത്തില്‍ തീ പിടിത്ത വിവരമറിഞ്ഞ് തിരുവനന്തപുരം അഗ്നിരക്ഷാസേന സ്ഥലത്തെത്തുന്നത്. പ്രത്യേക പൂജാദിനമായിരുന്നതിനാല് വിവിധ സ്ഥലങ്ങളില്‍ വിളക്കുകള്‍ എരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇവിടെനിന്ന് തീ പടര്‍ന്നതായാണ് പ്രാഥമിക നിഗമനം.
പുരാതന ക്ഷേത്രമായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യതയും അഗ്നിരക്ഷാസേന തള്ളുന്നില്ല. കത്തിനശിച്ചവയില്‍ തടി ഉരുപ്പടികള്‍, മേല്‍ക്കൂരയിലെ ഓടുകള്‍, നിലവിളക്കുകള്‍, പൂജാസാമഗ്രികള്‍ എന്നിവ ഉള്‍പ്പെടുന്നു. കളമെഴുത്ത് നടത്തുന്ന പ്രത്യേക ഭാഗവും അഗ്നിക്കിരയായി.
തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അഗ്നിരക്ഷാസേന അറിയിച്ചു. തിരുവനന്തപുരം നിലയത്തില്‍ നിന്ന് സ്റ്റേഷന് ഓഫിസര്‍മാരായ നിഥിന്‍രാജ്, അനീഷ്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നാലുയൂനിറ്റാണ് തീ കെടുത്തൽ ഉദ്യമത്തില്‍ പങ്കെടുത്തത്.
ഗ്രേഡ് എ.എസ്.ടി.ഒ അജിത്കുമാര്‍, എഫ്.ആര്.ഒമാരായ വിഷ്ണുനാരായണന്‍, അരുണ്‍, അനീഷ്, പ്രദോഷ്, അനു, പ്രസാദ്, ഡ്രൈവര്‍മാരായ സജി, ശിവഗണേഷ്, അനു, നന്ദന് എന്നിവരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.