ആറ്റിങ്ങല്‍: ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളികൾ പഞ്ചായത്ത് ഓഫിസില്‍ കടന്നുകയറി പ്രതിഷേധിച്ചു; ജീവനക്കാര്‍ കോവിഡ് ആശങ്കയില്‍. അഞ്ചുതെങ്ങില്‍ മത്സ്യബന്ധനവും വിപണനവും നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ പ്രശ്നമുണ്ടാക്കിയത്.
ക്രിട്ടിക്കല്‍ കണ്ടെയ്ൻമെൻറ് സോണായ ഇവിടെ 12വരെ മത്സ്യലേലത്തിന് നിയന്ത്രണമുണ്ട്. നിലവിലെ നിയന്ത്രണങ്ങള്‍ ലംഘിച്ച് മത്സ്യബന്ധനം നടത്തുന്ന ചിലര്‍ സ്വകാര്യചന്ത കേന്ദ്രീകരിച്ച് ലേലവും നടത്തി. ലേലസ്ഥലത്ത് വലിയരീതിയില്‍ ആള്‍ക്കൂട്ടമുണ്ടായി.
പൊലീസ് എത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. തുടര്‍ന്ന് പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. ഇതില്‍ പ്രകോപിതരായ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ച് റോഡിലിറങ്ങി പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയായിരുന്നു.
ഓഫിസിനുള്ളില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ ഓഫിസില്‍നിന്ന് പുറത്താക്കി. മാസ്ക്ക് ധരിക്കാതെയാണ് ഇവര്‍ പഞ്ചായത്ത് ഓഫിസില്‍ കയറിയതും ജീവനക്കാരെ പുറത്താക്കിയതും. സംഭവമറിഞ്ഞ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് ജീവനക്കാരെ തിരികെ ഓഫിസിനുള്ളില്‍ കയറ്റിയത്.
അഞ്ചുതെങ്ങിലെ ലോക്ഡൗണ്‍ പിന്‍വലിക്കുക, കോവിഡ് ടെസ്റ്റ് നിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവര്‍ മുഴക്കിയത്. സോഷ്യൽ മീഡിയയിലുണ്ടാകുന്ന വ്യാജനപ്രചാരണങ്ങള് ജനങ്ങളെ ഇളക്കിവിടുന്നതിന് കാരണമായിട്ടുെണ്ടന്ന് പൊലീസ് പറഞ്ഞു.
രണ്ടുദിവസം മുമ്പ് പഞ്ചായത്ത് പ്രസിഡൻറിനും രണ്ട് പഞ്ചായത്തംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജനപ്രതിനിധികളും ജീവനക്കാരും ഉള്‍പ്പെടെ അഞ്ചുപേര്‍ നിലവില്‍ കോവിഡ് ചികിത്സയിലാണ്. ഇതിനെതുടര്‍ന്ന് അണുനശീകരണം നടത്തിയെങ്കിലും ഓഫിസ് അടച്ചിട്ടിട്ടില്ല.
ഇതില്‍ ജീവനക്കാര്‍ ആശങ്കയിലാണ്. രോഗവ്യാപനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രിട്ടിക്കല്‍ കണ്ടെയ്ൻമെൻറ് സോണായ അഞ്ചുതെങ്ങില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഓഫിസ് അടച്ചിടുക പ്രായോഗികമല്ല. നാലില്‍ ഒരാള്‍ക്കുവീതം രോഗം സ്ഥിരീകരിക്കുന്ന മേഖലയില്‍ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാര്‍ ആശങ്കയിലാണ്. ഇപ്പോഴുണ്ടായ സംഘര്‍ഷം ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.