തിരുവനന്തപുരം: കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന ജില്ല നിർവാഹകസമിതി യോഗം കൈയാങ്കളിയോളം എത്തിയ സംഭവത്തിൽ സി.പി.െഎ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മുൻ എം.എൽ.എയുമായ പി.എസ്. സുപാലിനെ മൂന്നുമാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ നിർവാഹകസമിതിയംഗം ആർ. രാജേന്ദ്രനെ പരസ്യമായി ശാസിക്കാനും സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.
സുപാലും രാജേന്ദ്രനും സംസ്ഥാന കൗൺസിൽ അംഗങ്ങൾകൂടിയാണ്. രാവിലെ എം.എൻ സ്മാരകത്തിൽ ചേർന്ന സംസ്ഥാന നിർവാഹകസമിതിയാണ് അച്ചടക്കനടപടി ശിപാർശ ചെയ്തത്. തുടർന്ന് ഒാൺലൈനായി ചേർന്ന സംസ്ഥാന കൗൺസിലിൽ മന്ത്രി വി.എസ്. സുനിൽകുമാർ അടക്കം ഭൂരിഭാഗം പേരും നടപടിയെ എതിർത്തു.യോഗത്തിൽ സുപാൽ പെങ്കടുത്തില്ല. 14 ജില്ല സെക്രട്ടറിമാരിൽ കോട്ടയം, പാലക്കാട് സെക്രട്ടറിമാർ മാത്രമാണ് സംസ്ഥാന നേതൃത്വത്തിനൊപ്പം നിന്നത്. എന്നാൽ, സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. സെക്രട്ടറിയെപോലും തീരുമാനിക്കാൻ കഴിയാതെ കടുത്ത വിഭാഗീയതയിൽ വീർപ്പുമുട്ടുന്ന കൊല്ലം ജില്ലയിൽ സി.പി.െഎയിലെ ഗ്രൂപ്പിസം ആളിക്കത്തിക്കുന്നതാണ് കെ.ഇ. ഇസ്മയിൽ വിഭാഗത്തിലെ പ്രമുഖനായ സുപാലിനെതിരായ കടുത്ത നടപടി. ആർ. രാജേന്ദ്രനെ നേതൃത്വം സംരക്ഷിക്കുകയായിരുന്നെന്ന ആക്ഷേപം ഇതിനകംതന്നെ ജില്ലയിൽ ഉയർന്നു.
കൊട്ടാരക്കരയിൽ നടന്ന ജില്ല നിർവാഹകസമിതിയിലാണ് സുപാലും രാജേന്ദ്രനുമായി കടുത്ത തർക്കവും വാക്കേറ്റവും ഉണ്ടായത്. കൈയാങ്കളിയുടെ വക്കിലെത്തിയതോടെ ജില്ലാ നേതൃത്വം വിഷയം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ചെയ്തു. ഇരുവരോടും വിശദീകരണം ചോദിച്ച നേതൃത്വം സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ കെ.ആർ. ചന്ദ്രമോഹൻ, ചിഞ്ചുറാണി, മുല്ലക്കര രത്നാകരൻ എന്നിവരോടും റിപ്പോർട്ട് ആരാഞ്ഞിരുന്നു.
നിർവാഹകസമിതിയിൽ റിപ്പോർട്ട് അവതരിപ്പിച്ച സെക്രട്ടറി കാനം രാജേന്ദ്രൻ ഇരുവരും പദവികൾ മറന്നാണ് പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, അസിസ്റ്റൻറ് സെക്രട്ടറികൂടിയായ സുപാലിെൻറ പ്രവൃത്തി കൂടുതൽ ഗൗരവം അർഹിക്കുന്നു. കൂടാതെ സുപാലാണ് തർക്കം തുടങ്ങിവെച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.