തിരുവനന്തപുരം: ഹരിയാനയിൽനിന്ന് നാലുഹനുമാൻ കുരങ്ങുകളെ തലസ്ഥാനത്തെ മൃഗശാലയിൽ എത്തിച്ചു. റോഹാറ്റ്സ് മൃഗശാലയിൽനിന്നാണ് കുരങ്ങുകളെ ശനിയാഴ്ച രാവിലെ കൊണ്ടുവന്നത്. ഒന്നരയും രണ്ടരയും വയസ്സുള്ളതാണ് ഒരുജോടി ആൺകുരങ്ങുകൾ. പെൺകുരങ്ങുകൾക്ക് മൂന്നു വയസ്സാണ് പ്രായം. മൃഗശാലയിൽ എത്തിച്ച ഇവയെ ഒരുമാസത്തെ ക്വാറന്റീനുശേഷം കാഴ്ചക്കാർക്കായി തുറന്ന കൂട്ടിലേക്ക് മാറ്റും.
ഹരിയാനയിൽനിന്നുള്ള നാലെണ്ണം കൂടി എത്തിയതോടെ മൃഗശാലയിലെ ഹനുമാൻ കുരങ്ങുകളുടെ എണ്ണം ആറായി. ഇവിടെനിന്ന് രണ്ടു കഴുതപ്പുലികളെ നൽകിയാണ് കുരങ്ങുകളെ എത്തിച്ചത്. ഇതിനു മുമ്പ് തിരുപ്പതിയിൽനിന്നാണ് രണ്ടു ഹനുമാൻ കുരങ്ങുകളെ എത്തിച്ചത്. അതിൽ പെൺകുരങ്ങ് ചാടിപ്പോയിരുന്നു. അധികൃതരെ ആഴ്ചകളോളം വലച്ച കുരങ്ങിനെ മൃഗശാല ജീവനക്കാർ മൂന്ന് ആഴ്ചയോളം കഴിഞ്ഞ് വഴുതക്കാട്നിന്നാണ് തന്ത്രപൂർവം പിടികൂടിയത്.
ഒറ്റക്ക് കൂട്ടിലാക്കിയിരുന്ന പെൺകുരങ്ങിനെ ഇപ്പോൾ ഇണക്ക് ഒപ്പമാക്കി. മുൻ സാഹച്യംകൂടി കണക്കിലെടുത്ത് ഹരിയാനയിൽനിന്ന് എത്തിച്ച കുരങ്ങുകളെ അതിശ്രദ്ധയോടെയാണ് ഇപ്പോൾ പരിപാലിക്കുന്നത്. ക്വാറന്റീൻ കാലത്തിൽ കുരങ്ങുകളുടെ ആരോഗ്യസ്ഥിതിയും ഭക്ഷണരീതിയും നിരീക്ഷിക്കും. ഹനുമാൻ കുരങ്ങുകളെ മുഴുവൻ ഒന്നിച്ച് തുറന്ന കൂട്ടിലേക്ക് വിടാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.