ശംഖുംമുഖം: യോദ്ധാവ് റെയ്ഡിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ നാലുപേർ പിടിയിലായി. ഇവരിൽനിന്ന് വിതരണത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവും സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എം.ഡി.എം.എയും പിടിച്ചെടുത്തു.
ബീമാപള്ളി, ചാക്ക ബൈപാസ്, വഞ്ചിയൂർ എന്നിവിടങ്ങളിൽനിന്നാണ് പ്രതികൾ പിടിയിലായത്. മാണിക്യവിളാകം സ്വദേശി അക്ബർ (24), ബീമാപള്ളി സ്വദേശി സെയ്ദലി, കമലേശ്വരം സ്വദേശി മെഹ്റാജ് (29), മുട്ടത്തറ സ്വദേശി മുഹമ്മദ് ആദിൽ എന്നിവരാണ് പിടിയിലായത്. പൂന്തുറ, വഞ്ചിയൂർ, പേട്ട പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കലാലയങ്ങളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് കഞ്ചാവും എം.ഡി.എം.എയും വിതരണം ചെയ്യുന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശംഖുംമുഖം എ.സിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി സൂക്ഷിച്ചിരുന്ന 2.5 കിലോ കഞ്ചാവുമായാണ് സെയ്ദലിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഓവർബ്രിഡ്ജ്, തകരപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് 2.400 ഗ്രാം എം.ഡി.എം.എയുമായി അക്ബർ, മെഹ്റാജ് എന്നിവരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ചാക്ക, വെൺപാലവട്ടം ബൈപാസിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നാലുഗ്രാം എം.ഡി.എം.എയും 436 ഗ്രാം കഞ്ചാവും 95000 രൂപയും സഹിതം മുഹമ്മദ് ആദിലിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
പൂന്തുറ ഇൻസ്പെക്ടർ പ്രദീപ്, ജെ, വഞ്ചിയൂർ ഇൻസ്പെക്ടർ ഡിപിൻ, പൂന്തുറ സബ് ഇൻസ്പെക്ടർമാരായ അരുൺകുമാർ, ജയപ്രകാശ്, വഞ്ചിയൂർ സബ് ഇൻസ്പെക്ടർമാരായ അനീഷ് കുമാർ, ജയശ്രീ, പേട്ട ക്രൈം സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, എ.എസ്.ഐ സാജരാജ്, സി.പി.ഒമാരായ ബി.ആർ. നായർ, ദീപു, രാജേഷ്, ജോസ്, മുനീർ, ശരത്ത്, പ്രശാന്ത്, ജയരാജ്, രഞ്ജിത്ത്, ജോയി, ഗോഡ്വിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.