തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ആംബുലൻസ് ഡ്രൈവർമാരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസിൽ ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷും കൂട്ടാളി സാബുവും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇരുവരുടെയും ജാമ്യഹരജി പരിഗണിച്ച ഹൈകോടതി 21 ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് നിർദേശിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് ഇന്നലെ ഇരുവരും സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിൽ പുത്തൻപാലം രാജേഷിനെയും സാബുവിനെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ജാമ്യം നൽകി വിട്ടയച്ചു.
ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടയിൽ രാജേഷിനെയും കൂട്ടാളിയെയും കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിച്ചില്ല. കാപ്പ ആക്ട് ചുമത്തിയിരുന്നെങ്കിലും അതും അംഗീകരിച്ചില്ല.
ആംബുലൻസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ മെഡിക്കൽ കോളജിൽനിന്ന് രക്ഷപ്പെട്ട കാർ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിൽ പോകുകയായിരുന്നു. ഇയാൾക്കായി മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഹൈകോടതിയിൽ ജാമ്യഹരജി നൽകിയത്.
അതേസമയം, തിരുവനന്തപുരം പാറ്റൂരിൽ കൺസ്ട്രക്ഷൻ ഉടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെയും ഇയാളുടെ മൂന്ന് സുഹൃത്തുകളെയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും നാലുപേരും ഒളിവിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.