പോത്തൻകോട്: നേതാജിപുരത്ത് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്കൂട്ടറുകൾ അടിച്ചുതകർത്തു. നേതാജിപുരം പുളിയ്ക്കച്ചിറ നഹാസ് മൻസിലിൽ നഹാസിന്റെ (49) വീടിന് നേരെയാണ് ആക്രമണം നടത്തിയത്. കൊലക്കേസ് പ്രതി ഉൾപ്പെടെ മുപ്പത് പേരോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് പരാതി. അക്രമം തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ഓടിച്ചു. സമീപത്തെ വീടിന്റെ ഗേറ്റും അക്രമിസംഘം ചവിട്ടിപ്പൊളിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ നേതാജിപുരം സൊസൈറ്റി ജങ്ഷനിൽ തുടങ്ങിയ വാക്കേറ്റത്തിനൊടുവിൽ അക്രമി സംഘം ആദ്യം നഹാസിന്റെ കൈ കമ്പി കൊണ്ട് അടിച്ചൊടിച്ചു. പിന്നീടാണ് സംഘമായി എത്തിയ ആക്രമികൾ നഹാസിന്റെ വീടിന് മുന്നിലെത്തി വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്കൂട്ടർ അടിച്ചുതകർത്തത്.
കൈക്ക് ഗുരുതരമായി പരിക്കേറ്റ നഹാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. വീട്ടിലെത്തിയ അക്രമിസംഘം നഹാസിന്റെ ഭാര്യ ഷിജി (41), മകൾ അസ്ന നഹാസ് (21) എന്നിവരെ അസഭ്യം പറഞ്ഞു. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. കൂട്ടത്തോടെ വീടിന് മുന്നിൽ അക്രമികളെ കണ്ടതും വീട്ടുകാർ കതകടച്ചു. നഹാസിന്റെ സുഹൃത്തും സമീപവാസിയുമായ രാജുവിന്റെ കൈ അടിച്ചൊടിച്ചത് ചോദ്യം ചെയ്തതിനാണ് നഹാസിനെയും ഇവർ അടിച്ചെതെന്നാണ് വീട്ടുകാർ പറയുന്നത്. ആഗസ്റ്റ് ഏഴിനായിരുന്നു രാജുവിനുനേരെ ആക്രമണമുണ്ടായത്.
ദിനീഷ്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വീട്ടുകാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദിനീഷ്, ശ്യാം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.