തിരുവനന്തപുരം: സർക്കാർ വാഗ്ദാനങ്ങൾ പാഴായതോടെ കടക്കെണിയിൽപെട്ട് കർഷകർ. ഓണത്തിന് പിന്നാലെ ക്രിസ്മസ് കാലത്തും കര്‍ഷകരെ പറഞ്ഞുപറ്റിക്കുകയാണ് ഹോര്‍ട്ടികോര്‍പ്. കര്‍ഷകരിൽനിന്ന് സംഭരിച്ച പച്ചക്കറികൾക്ക് ഒമ്പതുമാസമായി പണം നൽകാതെയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ വഞ്ചന.
നെടുമങ്ങാട് ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാര ചന്തയിൽ മാത്രം 90 ലക്ഷം രൂപയാണ് ഹോര്‍ട്ടികോര്‍പ് കര്‍ഷകര്‍ക്ക് നൽകാനുള്ളത്. പാട്ടത്തിന് സ്ഥലവും ലോണും എടുത്ത് കൃഷി ചെയ്ത കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്. പണം ഉടൻ നൽകാമെന്ന് കഴിഞ്ഞ ഏപ്രിൽമുതൽ ഹോര്‍ട്ടികോര്‍പ് പറയുകയാണ്. ഒമ്പത് മാസം കഴിഞ്ഞിട്ടും ഒരാൾക്കുപോലും പണം നൽകിയില്ല. ഇങ്ങനെ 15 ലക്ഷം രൂപവരെ കിട്ടാനുള്ളവരുമുണ്ട്.
ദിവസേന കുറഞ്ഞത് ഒന്നരലക്ഷം രൂപയുടെ പച്ചക്കറിയെങ്കിലും നെടുമങ്ങാട് നിന്നുമാത്രം ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്നു. കര്‍ഷകരിൽനിന്ന് വാങ്ങിയ ഉൽപന്നങ്ങൾ മാര്‍ക്കറ്റിൽ വിറ്റ് കാശാക്കിയിട്ടാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ഈ ഒളിച്ചുകളി. ഓണംവരെ കര്‍ഷകര്‍ക്ക് നൽകാനുണ്ടായിരുന്ന 50 ലക്ഷം രൂപ ഇപ്പോൾ 90 ലക്ഷംവരെയെത്തി.
വഞ്ചന തുടരുന്നത് മനസ്സിലാക്കിയ കര്‍ഷകര്‍ ഇപ്പോൾ മാര്‍ക്കറ്റിൽ എത്തുന്നത് കച്ചവടക്കാരിൽ പ്രതീക്ഷ അര്‍പ്പിച്ച്. പണം കിട്ടാതായതോടെ കര്‍ഷകരിൽ ഭൂരിഭാഗവും ഹോര്‍ട്ടികോര്‍പ്പിനെ വിട്ട് കച്ചവടക്കാര്‍ക്ക് നേരിട്ട് ഉൽപന്നങ്ങൾ എത്തിക്കുകയാണ്.
1300 ലേറെ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നെടുമങ്ങാട് ചന്തയിൽ സജീവമായി വിൽപനക്കെത്തുന്നവരുടെ എണ്ണം നൂറായി കുറഞ്ഞു. ഓണത്തിന് മാര്‍ക്കറ്റിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചിട്ടുകൂടി കുലുക്കമില്ലാത്ത ഹോര്‍ട്ടികോര്‍പ്പിന് ക്രിസ്മസ് ആയിട്ടും അനക്കമില്ല. ഘട്ടംഘട്ടമായി പണം നൽകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
കുട്ടനാട്ടിലെ കര്‍ഷകർക്ക് ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ നെല്ല് സംഭരിച്ച വകയില്‍ സപ്ലൈകോ നല്‍കാനുള്ളത് ഏകദേശം 50 കോടി രൂപയാണ്. വട്ടിപ്പലിശക്കുവരെ വായ്പയെടുത്ത് ഒന്നാംകൃഷിയിറക്കിയ കര്‍ഷകര്‍ പുഞ്ചക്കൃഷിക്കും വായ്പയെടുത്ത് കടക്കെണിയുടെ നടുവിലാണ്. 12 ലക്ഷത്തോളം വരുന്ന ചെറുകിട റബർ കർഷകരുടെ അവസ്ഥയും പരിതാപകരമാണ്. വിലയിടിവ് അഞ്ചേക്കർവരെയുള്ള ചെറുകിട റബർ കർഷകരെ ഗുരുതരമായി ബാധിച്ചിരിക്കുന്നു.
റബറിന് 250 രൂപയായി തറവില നിശ്ചയിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും അതിപ്പോൾ കണ്ടില്ലെന്ന് നടിക്കുകയാണ്. നിലവിൽ കിലോ 165-170 നിരക്കിലാണ് നാലാം ഗ്രേഡ് റബർ വില. ഏലം, കാപ്പി, കുരുമുളക്, നാളികേരം കർഷകരുടെ അവസ്ഥയും ദുരിതപൂർണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.