തിരുവനന്തപുരം: പൊലീസിനെ നോക്കുകുത്തിയാക്കി മെഡിക്കൽ കോളജ് ജങ്ഷനിൽ കുപ്രസിദ്ധ ഗുണ്ടാത്തലൻ പുത്തൻപാലം രാജേഷിന്റെ നേതൃത്തിൽ ഗുണ്ടാവിളയാട്ടം. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരെയാണ് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കത്തികാട്ടി വിരട്ടിയത്.
സംഭവമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും രാജേഷ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ രാജേഷിന്റെ ഡ്രൈവറും ആനയറ സ്വദേശിയുമായ അനൂപ് എന്ന ഷാജിയെ (34) തമ്പാനൂരിൽ വാഹനം തടഞ്ഞ് പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 11.30ന് മെഡിക്കൽ കോളജ് ജങ്ഷനിലെ ട്രിഡ കോംപ്ലക്സിന് മുന്നിലായിരുന്നു സംഭവം.
സ്വകാര്യവ്യക്തിയുടെ ആംബുലൻസ് പാർക്കിങ് സ്ഥലത്ത് രാജേഷിന്റെ കാർ പാർക്ക് ചെയ്യുന്നതിലെ തർക്കമാണ് കാത്തികാട്ടി ഭീഷണിയിലേക്കെത്തിയത്. തുടർന്ന് ആംബുലൻസ് ഡ്രൈവർമാർ മെഡിക്കൽ കോളജ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തുംമുമ്പ് തന്നെ രാജേഷും സംഘവും രക്ഷപ്പെട്ടു. മെഡിക്കൽ കോളജ് പൊലീസ് എല്ലാ സ്റ്റേഷനിലേക്കും രാജേഷിന്റെ ഫോർച്യൂണർ കാറിന്റെ വിവരങ്ങൾ കൈമാറി. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്തുവെച്ച് റെയിൽവേ പ്രീപെയ്ഡ് ട്രാഫിക് കൗണ്ടറിലെ പൊലീസുകാരൻ ഷാജു കാർ തടഞ്ഞു. നിർത്താതെപോയ കാറിനെ ഷാജു ഓട്ടോയിൽ പിന്തുടർന്നു.
മാഞ്ഞാലിക്കുളം റോഡിൽ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ ഷാജു ഡ്രൈവർ അനൂപിനെ പിടൂകൂടി. ഇതിനിടയിൽ പുത്തൻപാലം രാജേഷും കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും മറ്റ് ഓട്ടോറിക്ഷകളിലായി രക്ഷപ്പെട്ടു. കാർ മെഡിക്കൽ കോളജ് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. രാത്രിയോടെ അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഞായറാഴ്ച പുലർച്ചെ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പാറ്റൂർ ഭാഗത്ത് കാറ് തടഞ്ഞ് നാലുപേരെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ സംഭവം. പാറ്റൂർ കൊലപാതക ശ്രമത്തിൽ ഓംപ്രകാശ് അടക്കം എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.