തിരുവനന്തപുരം: പരോളിലിറങ്ങിയവരുൾപ്പെടെ സംഘങ്ങൾ ഗുണ്ടാപ്രവർത്തനം സജീവമാക്കിയിട്ടും നോക്കുകുത്തിയായി പൊലീസ്. കോവിഡ് സാഹചര്യത്തിൽ പ്രത്യേക പരോളും ജാമ്യവും അനുവദിച്ച അഞ്ഞൂറിലധികം ജീവപര്യന്തം തടവുകാരുൾപ്പെടെ ആറു മാസത്തിലധികമായി പുറത്താണ്. പരോൾ കാലാവധി കഴിഞ്ഞിട്ടും ഇവർ മടങ്ങിയെത്തിയിട്ടില്ല. ഹൈകോടതി ജഡ്ജി അധ്യക്ഷനായ ഉന്നതാധികാരസമിതി ആയിരത്തോളം റിമാൻഡ് തടവുകാർക്ക് ജാമ്യവും പത്ത് വർഷംവരെ തടവിന് ശിക്ഷിച്ച 70 പേർക്ക് പ്രത്യേക പരോളും നൽകിയിരുന്നു.
നിശ്ചിത കാലാവധി കഴിയുേമ്പാൾ മടങ്ങിയെത്തണമെന്നായിരുന്നു വ്യവസ്ഥ. മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഇവരെ നിർബന്ധിച്ച് തിരികെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർദേശം നൽകി. ഇതിനെതിരെ സർക്കാർ നൽകിയ കേസ് കോടതി പരിഗണനയിലാണ്. അതിനാൽതന്നെ പരോളിലിറങ്ങിയ പകുതിയോളം പേർ ഇപ്പോഴും പുറത്ത് സ്വൈരവിഹാരം നടത്തുകയാണ്. ഇവരിൽ പലരും ഗുണ്ടാപ്രവർത്തനം തുടരുകയാണെന്നാണ് വിവരം.
ഇടവേളക്കുശേഷം ഗുണ്ടാപ്പകയും കൊലപാതകങ്ങളും സജീവമായ തിരുവനന്തപുരത്ത് അടുത്തിടെയുണ്ടായ അക്രമസംഭവങ്ങൾക്ക് പിന്നിൽ പരോളിലിറങ്ങിയ ചിലരുടെ പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്യുന്നു. പരോളിലിറങ്ങിയവരെ കൃത്യമായി നിരീക്ഷിക്കാൻ സംവിധാനമില്ലാത്തതാണ് അക്രമം വർധിക്കാനിടയാക്കിയതെന്നും പറയുന്നു. പരോളിലിറങ്ങിയവരും പുറത്തുണ്ടായിരുന്നവരും ചേർന്ന് സംഘങ്ങൾ കൂടുതൽ സജീവമാക്കിയെന്നാണ് വിലയിരുത്തൽ. പുറമെ മയക്കുമരുന്ന് മാഫിയയും ശക്തമാകുകയാണ്.
അടുത്തിടെ തിരുവനന്തപുരം റൂറലിൽ ഉൾപ്പെടെയുണ്ടായ അതിക്രമങ്ങളിലേറെയും ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്. ഗുണ്ടാപ്പിരിവ് നൽകാത്തതിെൻറ പേരിലുള്ള അതിക്രമങ്ങളും വർധിക്കുകയാണ്. തിരുവനന്തപുരത്ത് ഐ.ടി നഗരമായ കഴക്കൂട്ടം, കണിയാപുരം, ആറ്റിങ്ങൽ, ചിറയിൻകീഴ്, നഗരത്തിലെ മേഖലകളിൽ ഗുണ്ടാസംഘങ്ങള്‍ സജീവമാണ്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ ഇടനിലക്കാരായി നിൽക്കുന്നെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.