തിരുവനന്തപുരം: പുരയിടത്തിൽ മണ്ണിട്ട് ഉയർത്തുന്നതിനും മണ്ണ് മാറ്റുന്നതിനും കെട്ടിടനിർമാണ ചട്ടപ്രകാരം അനുമതി ആവശ്യമാണോ? കിണർ കുഴിക്കുന്നതിനും സെപ്റ്റിക് ടാങ്ക് കെട്ടുന്നതിനും അനുമതി വേണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമായി കെട്ടിടനിർമാണ ചട്ടങ്ങളിലെ സംശയങ്ങളും വസ്തുതകളും വിവരിച്ച് നഗരാസൂത്രണ വകുപ്പിന്റെ കൈപ്പുസ്തകം പുറത്തിറക്കി.
ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമാകും വിധമാണ് പുസ്തകത്തിന്റെ രൂപകൽപന. കെട്ടിടനിർമാണ ചട്ടങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള അറിവില്ലായ്മയാണ് പലപ്പോഴും ചട്ടം ലംഘിച്ചുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങൾക്ക് ഇടയാക്കുന്നത്.
ഇതുതിരിച്ചറിഞ്ഞ് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന എ.സി. മൊയ്തീനിന്റെ നിർദേശപ്രകാരമാണ് നിർമാണമേഖലയിലെ വിദഗ്ധർ, വ്യാപാരവ്യവസായ സംരംഭകർ, ജനപ്രതിനിധികൾ, ലൈസൻസികൾ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർക്കുമായി കൈപ്പുസ്തകം തയാറാക്കാൻ തീരുമാനിച്ചത്.
മലയാളത്തിൽ ചോദ്യോത്തര രൂപത്തിലാണ് പുസ്തകത്തിന്റെ രൂപകൽപ്പന. ഓരോ മേഖലയിലും സാധ്യതയുള്ള സംശയങ്ങളെ ഓരോ ഉപശീർഷകത്തിൻകീഴിൽ ക്രോഡീകരിച്ചിട്ടുണ്ട്.
കെട്ടിടനിർമാണ അപേക്ഷ, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ്, പാർക്കിങ്, വഴി വീതി, സ്റ്റെയർ കേസ്, ലിഫ്റ്റ്, കെട്ടിടത്തിന്റെ ഉയരം തുടങ്ങിയവയെ സംബന്ധിച്ചും വിശദമായിത്തന്നെ 96 പേജുള്ള പുസ്തകത്തിൽ പ്രതിപാദിക്കുന്നു. പുസ്തകം ലഭിക്കുന്നതിന്: 9447154035, 9349311777.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.