തിരുവനന്തപുരം: അതിശക്തമായ മഴയെതുടർന്ന് നെയ്യാർ, പേപ്പാറ, അരുവിക്കര അണക്കെട്ടുകൾ തുറന്നു. രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴ ജനജീവിതം ദുസ്സഹമാക്കി. തിങ്കളാഴ്ച രാവിലെമുതൽ മഴ ശക്തമായി തുടരുകയാണ്. ഒാറഞ്ച് അലർട്ട് ബാധകമാക്കിയ ജില്ലയിൽ ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർമുതൽ 204.4 മില്ലിമീറ്റർവരെയുള്ള അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
നെയ്യാർ അണക്കെട്ടിെൻറ നാല് ഷട്ടറുകളും 30 സെൻറീമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് വിടുകയാണ്. ആദ്യം 20 സെൻറീമീറ്റർ മാത്രമായിരുന്നു ഉയർത്തിയിരുന്നത്. അണക്കെട്ടിൽ നീരൊഴുക്ക് ശക്തിപ്പെട്ടതോടെ വൈകുന്നേരം നാലോടെ പത്ത് സെൻറീമീറ്റർ കൂടി ഉയർത്തുമെന്ന് അറിയിപ്പ് നൽകി. ജലനിരപ്പ് അതിവേഗം ഉയർന്നതിനാൽ മൂന്നരക്ക് ഷട്ടറുകൾ ഉയർത്തി. പേപ്പാറയിലെ നാല് ഷട്ടറുകളും ആദ്യം അഞ്ച് സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്. ഉച്ചക്ക് ഒന്നോടെ രണ്ട് , മൂന്ന് ഷട്ടറുകൾ അഞ്ച് സെൻറീമീറ്റർകൂടി ഉയർത്തി. അരുവിക്കര ഡാമിെൻറ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 60 സെൻറീമീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ 20 സെൻറീമീറ്റർ വീതവും രാവിലെ ഉയർത്തി. നീരൊഴുക്ക് ശക്തിപ്പെട്ടതോടെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 30 സെൻറീമീറ്റർകൂടി ഉയർത്തി.
അതീവ ജാഗ്രത നിർദേശം
വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവരും, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസമിതിയും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകടസാധ്യത മുന്നിൽക്കണ്ട് തയാറെടുപ്പുകൾ പൂർത്തീകരിക്കണം.
കടലാക്രമണം രൂക്ഷമായേക്കും
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതിയൊതുക്കുകയും ചെയ്യണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. മലയോരമേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായി ഒഴിവാക്കണം. കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം. ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ പറഞ്ഞു.
കടലിൽ പോകുന്നതിന് വിലക്ക്
തിരുവനന്തപുരം: തിങ്കളാഴ്ച അന്തമാൻ കടലിലും ചൊവ്വയും ബുധനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അന്തമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
14, 15 തീയതികളിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിലും തെക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലിദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കലക്ടർ അറിയിച്ചു.
വീടുകളും റോഡുകളും തകര്‍ന്നു
വെള്ളറട പനച്ചമൂട് ചെട്ടിവിളാകത്ത് മേലേ വീട്ടില്‍ രമണിയുടെ (45) വീട് പൂര്‍ണമായും തകര്‍ന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ ഒറ്റക്കാണ് താമസിക്കുന്നത്. ഇവരെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നെടുമങ്ങാട് വട്ടപ്പാറ പച്ചക്കാട് വലിയകോണത്ത് വീട്ടിൽ അനന്തു പുതുതായി നിർമിക്കുന്ന വീടിെൻറ കോൺക്രീറ്റ് സംരക്ഷണഭിത്തി ശക്തമായ മഴയിൽ തകർന്നുവീണു. തൊട്ടുപിറകിൽ ഉണ്ടായിരുന്ന കുടുംബവീടിെൻറ ചുമരുകളും മേൽക്കൂരയും തകർന്നിട്ടുണ്ട്.
നെടുമങ്ങാട് കൊപ്പം വാർഡിൽ തോട്ടുമുക്ക് - പത്താംകല്ല് ജലധാര തോടിെൻറ വശങ്ങളും സംരക്ഷണഭിത്തിയും ശക്തമായ മഴയിൽ തകർന്നു. ഇതോടെ ലൈഫ് പദ്ധതി പ്രകാരം നിർമിച്ച സമീപത്തെ അനിതയുടെ വീടും തകരുമെന്ന ആശങ്കയിലാണ്. വിതുര ശിവൻകോവിൽ ജങ്ഷൻ -തള്ളച്ചിറ റോഡ്, മേമല - മീനാങ്കൽ റോഡ് എന്നിവ പൂർണമായും മുങ്ങി. പൊടിയക്കാല ആദിവാസി മേഖലയിലേക്കുള്ള റോഡും തകർന്നു. നഗരൂർ പഞ്ചായത്തിൽ വാർഡ് അഞ്ച് കുറിയിടത്തുകോണത്ത് ചെമ്മരത്തുമുക്ക് കുറിയിടത്തുകോണം ശ്യാംകുമാറിെൻറ നഫസ് എന്ന വീട് പൂർണമായും തകർന്നു.
കന്യാകുമാരി ജില്ലയിൽ കനത്ത മഴ
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി പെയ്തുവരുന്ന മഴ ഞായറാഴ്ച വൈകുന്നേരത്തോടെ ശക്തി പ്രാപിച്ച് തിങ്കളാഴ്ച രാത്രിയും തുടർന്നു. കന്യാകുമാരി, നാഗർകോവിൽ, കുളച്ചൽ, ഇരണിയൽ, തക്കല, കുഴിത്തുറ, കുലശേഖരം, തൃപ്പരപ്പ് എന്ന് തുടങ്ങി എല്ലാ സ്ഥലങ്ങളിലും ശക്തമായ മഴ ലഭിച്ചു. പേച്ചിപ്പാറ, പെരുഞ്ചാണി, ചിറ്റാർ, മുക്കടൽ, മാമ്പഴത്താറ് അണ തുടങ്ങിയവയിൽ പലതും നിറഞ്ഞുകവിഞ്ഞു. പല ഡാമുകളിലും ഉപരി ജലം തുറന്നുവിട്ടു. ഇരണിയലിൽ 68 മി.മീറ്റർ മഴ ലഭിച്ചു. റോഡുകളിൽ വെള്ളം കയറിയത് പൊതുജനങ്ങളെ വലച്ചു. കെട്ടിട നിർമാണമേഖലയും സ്തംഭിച്ചു. കൃഷിയിടങ്ങളിൽ വെള്ളം കയറിയത് അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങളെ ബാധിച്ചു. നാശനഷ്ടങ്ങൾ തിങ്കളാഴ്ച വൈകുന്നേരംവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.