തിരുവനന്തപുരം: റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾ വാതിൽപടി വിതരണം നടത്തുമ്പോൾ തൂക്കി ഇറക്കണമെന്ന ഹൈകോടതി ഉത്തരവ് കാറ്റിൽപറത്തി ജില്ലയിൽ റേഷൻ തട്ടിപ്പ് വ്യാപകം. എഫ്.സി.ഐയിൽ നിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിലെത്തുന്ന 50 കിലോ അരിച്ചാക്കുകൾ പലതും ചുമട്ടു തൊഴിലാളികളെ ഉപയോഗിച്ച് കുത്തിയെടുത്ത് പുറത്തേക്ക് കടത്തിയ ശേഷം 46 മുതൽ 48.5 കിലോ വരെയുള്ള ചാക്കുകളാണ് ജില്ലയിലെ ഭൂരിഭാഗം റേഷൻ കടകളിലുമെത്തുന്നത്.
ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട് റേഷൻ കടയിൽ വിതരണം ചെയ്ത 32 ക്വിന്റൽ പച്ചരി ചാക്കുകളിൽ മാത്രം 21 കിലോയുടെ കുറവാണ് കണ്ടെത്തിയത്. തട്ടിപ്പ് പുറത്തായതോടെ ജില്ലയിലെ ഭൂരിഭാഗം റേഷൻകടകളിലും വാതിൽപടി വിതരണത്തിന് കരാറെടുത്തവർ ചാക്കുകൾ തൂക്കി ഇറക്കാത്ത സ്ഥിതിയാണ്.
ഇതിനെതിരെ വ്യാപാരികൾ അധികാരികളെ പരാതി അറിയിച്ചിട്ടും തട്ടിപ്പുകാർക്കെതിരെ ചെറുവിരൽ അനക്കാൻ ഭക്ഷ്യവകുപ്പിനായില്ല. ജില്ലയിലെ 1800 റേഷൻ കടകളിലായി 1014173 കാർഡുകാരാണുള്ളത്. ഇവർക്ക് അർഹതപ്പെട്ട പച്ചരി ചാക്കരി, കുത്തരി, ഗോതമ്പ് എന്നിവ ഗോഡൗണുകളിൽ വെച്ചുതന്നെ തൂക്കം ഉറപ്പാക്കിയ ശേഷമേ ലോറികളിലേക്ക് കയറ്റാവൂവെന്നാണ് സർക്കാർ നിർദേശം.
കടകളിൽ ഇറക്കുമ്പോൾ ഈ തൂക്കം വ്യാപാരിയെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്. തൂക്കി ഇറക്കുന്നതിന് ഒരു ക്വിന്റലിന് 18 രൂപയാണ് ചുമട്ടുതൊഴിലാളികൾക്ക് സർക്കാർ നൽകുന്നത്. കഴിഞ്ഞ ദിവസം ഈ കൂലിയിൽ 15 ശതമാനം വർധനവും സർക്കാർ വരുത്തി. എന്നിട്ടും തൂക്കി ഇറക്കാൻ കരാറുകാരും തൊഴിലാളികളും തയ്യാറാകുന്നില്ല.
എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ വെച്ചുതന്നെ അരി കരിഞ്ചന്തയിലേക്ക് കടത്തുന്നതിന്റെ ഫലമായി പലയിടങ്ങളിലും ഗോഡൗണുകളിൽ ചാക്കുകളുടെ തൂക്കം ഉദ്യോഗസ്ഥർ ഉറപ്പുവരുത്താറില്ല. തട്ടിപ്പ് പുറത്താകുമെന്നതിനാൽ കടകളിലും തൂക്കി ഇറക്കേണ്ടതില്ലെന്നാണ് വാതിൽപടി വിതരണത്തിന് കരാർ എടുത്ത ലോറിയുടമകൾ പ്രാദേശിക ചുമട്ടു തൊഴിലാളികൾക്ക് നൽകിയ നിർദേശം.
ഇതോടെ ചാക്കുകളിലെ കുറവിന് ഉത്തരവാദി വ്യാപാരി മാത്രമായി ഒതുങ്ങും. ഈ സാഹചര്യത്തിൽ കാർഡുടമകൾക്ക് അർഹതപ്പെട്ട വിഹിതം കുറച്ച് നൽകിയാണ് ചാക്കുകളിലെ കുറവ് ഭൂരിഭാഗം വ്യാപാരികളും പരിഹരിക്കുന്നത്.
ചാക്കുകൾ കടയിൽ തൂക്കി ഇറക്കണമെന്ന് നിർബന്ധം പിടിക്കുന്നവർക്ക് മാസത്തിന്റെ അവസാന ആഴ്ചകളിലാണ് ഉദ്യോഗസ്ഥർ സാധനങ്ങൾ എത്തിക്കുന്നത്. ഇത്തരത്തിൽ തൂക്കി ഇറക്കിയപ്പോഴാണ് നെടുമങ്ങാട്ടെ കടയിൽ മാത്രം 21 കിലോ പച്ചരിയുടെ കുറവ് കണ്ടെത്തിയത്.
നെടുമങ്ങാട് താലൂക്കിലെ 313 കടകളിൽ പത്തോളം കടകളിൽ മാത്രമാണ് ചാക്കുകൾ തൂക്കുന്നത്. ചിറയിൻകീഴ് അടക്കമുള്ള മറ്റു താലൂക്കുകളിലും സമാനസ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.