തിരുവനന്തപുരം: താൻ രാഷ്ട്രീയ എഴുത്തുകാരനല്ലെന്നും എന്നാൽ പുരസ്കാര ലബ്ദിക്കുശേഷം ആ വേഷത്തിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടതാണെന്നും ബുക്കർ സമ്മാന ജേതാവും ശ്രീലങ്കൻ എഴുത്തുകാരനുമായ ഷെഹാൻ കരുണതിലകെ. ശ്രീലങ്കയെക്കുറിച്ച വ്യാഖ്യാനങ്ങളും പ്രഖ്യാപനങ്ങളും എഴുതാൻ തയാറല്ല.
എന്നാൽ, ശ്രീലങ്കൻ സാഹചര്യങ്ങളും വിമർശനങ്ങളും വരികളിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും അത് കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന മീറ്റ് ദി ഓതർ പരിപാടിയിൽ സുനിത ബാലകൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര യുദ്ധത്തിനുശേഷം ശുഭാപ്തി വിശ്വാസത്തിന്റെ സമയത്താണ് ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ’ പുസ്തകത്തിന്റെ ജോലി തുടങ്ങിയത്. ഈ പുസ്തകം ആദ്യം ചാറ്റ്സ് വിത് ദി ഡെഡ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. തരക്കേടില്ലാത്ത പ്രചാരം കിട്ടിയിരുന്നു. പലതവണ മാറ്റിയെഴുതി ഏഴ് വർഷമെടുത്താണ് പുസ്തകം ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ’ എന്ന പേരിൽ പുനരവതരിപ്പിച്ചത്.
ആദ്യ ആഭ്യന്തരയുദ്ധ കാലത്ത് താൻ കൗമാരക്കാരനാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വലിയ ധാരണയില്ല. മൃതശരീരങ്ങൾ റോഡുവക്കിൽ കിടക്കുന്നത് ഓർമയുണ്ട്. പേടിയും ആശങ്കയും നിറഞ്ഞ അന്തരീക്ഷമാണ് കുട്ടിക്കാലത്തുതന്നെ അനുഭവിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.