തിരുവനന്തപുരം: ഭരണഘടനാ വ്യവസ്ഥ ലംഘിച്ച് ഉണ്ടാക്കിയ നിയമങ്ങളെല്ലാം കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ റദ്ദാക്കുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. അതുകൊണ്ടുതന്നെ പൗരത്വനിയമം റദ്ദാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണ സമിതിയുടെ നേതൃത്വത്തില്‍ പ്രസ്ക്ലബില്‍ സംഘടിപ്പിച്ച പ്രകടന പത്രിക ജനകീയ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രകടനപത്രികയുടെ എട്ടാം പേജിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് സംശയമുണ്ടെങ്കില്‍ അതുവായിച്ചു നോക്കണം. ഭാഷാന്യൂനപക്ഷങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണത്തെക്കുറിച്ച് അതില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഭരണഘടനാ തത്ത്വങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രകടനപത്രിക ഉറപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ പ്രകടനപത്രിക രാജ്യത്തെ ജനങ്ങളുടെ നീതി പുനഃപ്രതിജ്ഞ ചെയ്യുന്ന മാഗ്നാകാർട്ടയാണെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തിലേറിയാൽ ആദ്യ കാബിനറ്റ് മീറ്റിങ്ങിൽതന്നെ രാജ്യത്തെ ജനങ്ങളെ വർഗീമായി ചേരിതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് പ്രകടനപത്രിക ഉറപ്പുനൽകുന്നു. മോദി സർക്കാർ നടപ്പാക്കിയ എല്ലാ കരിനിയമങ്ങളും പിൻവലിക്കും. ജനപ്രതിനിധികളുടെ കൂറുമാറ്റം തടയാനുള്ള ശക്തമായ നിയമം കൊണ്ടുവരും. തെരഞ്ഞെടുപ്പിൽ 400ലേറെ സീറ്റുകൾ ലഭിക്കുമെന്നും അധികാരത്തിലേറിയാൽ ഭരണഘടന തിരുത്തിയെഴുതുമെന്ന് പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രിയും പാർട്ടിയും രാജ്യത്തിന് അപകടമാണ്. ലോകത്തെ ഏറ്റവും മികച്ച ഭരണഘടനയാണ് നമ്മുടേത്. അത് തിരുത്തിയെഴുതാനുള്ള അവസരം സംഘ്പരിവാറിന് നൽകാതിരിക്കലാണ് തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ കടമയെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, ഡോ. മേരി ജോർജ്, ഡോ. ബി.എ. പ്രകാശ്, അച്യുത് എസ്. ശങ്കർ, ജി. വിജയരാഘവൻ, പന്തളം സുധാകരൻ, എൻ. ശക്തൻ, ടി.യു. രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, ജി.എസ് ബാബു, മണക്കാട് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.